ഖമീസ് മുഷൈത്ത് - പതിനൊന്ന് വയസ്സ് മാത്രം പിന്നിട്ട ദാന അൽസഹ്‌റാനി എന്ന സൗദി ബാലിക ഇന്ന് അസീർ പ്രവിശ്യയിൽ താര പരിവേഷത്തിലാണ്. പ്രദേശത്തെ ഏറ്റവും പ്രായം കുറഞ്ഞ ടൂറിസ്റ്റ് ഗൈഡും ഈ മിടുക്കിയാവും. അസീർ പ്രവിശ്യാ ടൂറിസം വകുപ്പ് മേധാവിയുടെ പിന്തുണയാണ് ദാനക്ക് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്.
ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി അംഗീകാരത്തോടെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ സ്വായത്തമാക്കിയ ദാന വിനോദ സഞ്ചാരികളെ അത്ഭുതപ്പെടുത്തുകയാണ്.
അസീറിന്റെ പരമ്പരാഗത വേഷത്തിലും ആഭരണങ്ങൾ അണിഞ്ഞുമാണ് സ്ഥിരമായി ദാന പുറത്തിറങ്ങുന്നത്. മുടിക്ക് ഭംഗി നൽകുന്നതിന് മഞ്ഞ നിറത്തിലുള്ള തൂവാല ധരിക്കുന്നത് അസീറിൽ പണ്ടേ സുപരിചതമാണ്. കഴിഞ്ഞ വർഷം നടന്ന അബഹ ഫെസ്റ്റിൽ ദാന തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു.
തന്നെ ടൂറിസ്റ്റ് ഗൈഡായി പരിഗണിക്കണമെന്ന് ദാന സൗദി ദേശീയ ടൂറിസം, പുരാവസ്തു കമ്മീഷൻ പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ രാജകുമാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രത്യേകതകളും സാങ്കേതിക പദങ്ങളുമെല്ലാം അനായാസം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നടത്താൻ ദാനക്ക് സാധിക്കുമെന്ന് ഉമ്മ അസ്മാ ഖദർ അൽസഹ്‌റാനി സാക്ഷ്യപ്പെടുത്തുന്നു.