കൊച്ചി-മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ പോലീസ് കേസെടുത്തു. സിപിഎം പ്രവർത്തകരുടെ പരാതിയിൽ കൊച്ചി പാലാരിവട്ടം പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയിൽ ഓടിനടക്കുന്നതെന്ന സുധാകരന്റെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയെ പട്ടിയെന്ന് വിളിച്ചതല്ലെന്നും മലബാറിലെ ഒരു നാട്ടുശൈലിയാണ് താന്‍ ഉപയോഗിച്ചതെന്നും പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരൻ പിന്നീട് പറഞ്ഞിരുന്നു.
ഹാലിളകിയത് ഞങ്ങള്‍ക്കല്ല, അദ്ദേഹത്തിനാണ്. ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓര്‍മ വേണം. ഒരു നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ചങ്ങല പൊട്ടിയ നായ വരുന്നതു പോലെയല്ലേ അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാല്‍ നായ എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്. അയാളെ നിയന്ത്രിക്കാന്‍ ആരെങ്കിലും ഉണ്ടോ? പറഞ്ഞു മനസ്സിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുകയല്ലേ? ഇതായിരുന്നു സുധാകരന്റെ വാക്കുകള്‍.