Sorry, you need to enable JavaScript to visit this website.

VIDEO സ്ത്രീകളിലുണ്ടാകുന്ന മാറ്റങ്ങളൊന്നുമില്ല; പരിശോധിച്ചപ്പോള്‍ സൗദി യുവതി റന്ദ സ്ത്രീയല്ല, പുരുഷനാണ്

റിയാദ് -സൗദി യുവാവ് സ്ത്രീയായി ജീവിച്ചത് ഇരുപത് വര്‍ഷം. റിയാദില്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് റന്ദ എന്ന് പേരിട്ട റായിദ് ശുബൈലി പിറന്നത്. ജനനേന്ദ്രിയ ഭാഗങ്ങളില്‍ വൈകല്യങ്ങളോടെയാണ് റായിദ് ജനിച്ചത്. എന്നാല്‍ ഇത് പ്രസവ സമയത്ത് കണ്ടെത്തിയിരുന്നില്ല.
പ്രായപൂര്‍ത്തിയായപ്പോള്‍ സ്ത്രീകളിലുണ്ടാകുന്ന മാറ്റങ്ങളൊന്നും റന്ദയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ആശുപത്രിയെ സമീപിച്ച് നടത്തിയ പരിശോധനകളില്‍ റന്ദയുടെ വയറിനകത്ത് പുരുഷ ജനനേന്ദ്രിയമുള്ളതായി കണ്ടെത്തി. ഇരുപതു വര്‍ഷം സ്ത്രീകളെ പോലെ ജീവിച്ച റന്ദ സ്ത്രീയല്ലെന്നാണ് പരിശോധനകളില്‍ തെളിഞ്ഞത്.
സ്ത്രീയല്ലെന്നും പുരുഷനാണെന്നുമുള്ള തിരിച്ചറിവ് ആദ്യം വിചിത്രമായ വികാരമായിരുന്നെന്ന് റായിദ് പറയുന്നു. ആരോ കള്ളം പറയുന്നതുപോലെയുള്ള അനുഭവം. തന്നെ സംബന്ധിച്ചേടത്തോളം ഇത് യുക്തിരഹിതമായിരുന്നു. ജീവിതത്തില്‍ പൂജ്യത്തിലേക്ക് മടങ്ങിയതു പോലെയാണ് തോന്നിയത്. പുതിയ പേരും പുതിയ ഐഡന്റിറ്റിയും. സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ല. ജനനേന്ദ്രിയ വൈകല്യം ശരിയാക്കാന്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിനു പുറമെ പ്ലാസ്റ്റിക് സര്‍ജറിയും നടത്തണം. ഇക്കാര്യങ്ങളില്‍ വിദഗ്ധനായ ഡോക്ടറെ കാണാനും ശരിയാംവിധം ശസ്ത്രക്രി നടത്താനും ബ്രിട്ടനിലെ ആശുപത്രിയിലേക്ക് പോകും.
ചികിത്സാര്‍ഥം വിദേശയാത്രക്കുള്ള രേഖകളെല്ലാം സമര്‍പ്പിച്ചെങ്കിലും അവസാനം നിരാകരിക്കപ്പെടുകയായിരുന്നെന്ന് റായിദ് പറയുന്നു. പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ താന്‍ ആരോഗ്യ വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് റായിദിന്റെ പിതാവ് പറഞ്ഞു. ആറു മാസത്തിലേറെ പിന്നിട്ടിട്ടും റായിദിന്റെ ജനനവുമായി ബന്ധപ്പെട്ട ഫയലോ ഡോക്ടര്‍മാരെയോ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. ആശുപത്രിയിലെ ഫയല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുന്നില്ല എന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും റായിദിന്റെ പിതാവ് പറഞ്ഞു.

 

Latest News