ഇരിക്കാന്‍ അനുവദിക്കുന്നില്ല, വിദേശിക്കെതിരെ പരാതിയുമായി സൗദി യുവതി

റിയാദ് - നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ് മാൡ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ ജോലി സമയത്ത് ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സൗദി യുവതിയുടെ പരാതി. ഉപയോക്താക്കള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഡ്യൂട്ടി സമയമായ എട്ടു മണിക്കൂറിനിടെ ഇരിക്കാന്‍ പാടില്ലെന്നാണ് വിദേശ മാനേജറുടെ നിര്‍ദേശം. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകരായ പുരുഷ ജീവനക്കാരും മാനേജര്‍മാരും ജോലിക്കിടെ ഇരിക്കുന്നുണ്ട്. ഉപയോക്താക്കള്‍ ഇല്ലെങ്കിലും ജോലി സമയത്ത് ഒരിക്കലും ഇരിക്കാന്‍ പാടില്ലെന്നാണ് തനിക്ക് ലഭിച്ച നിര്‍ദേശം. എട്ടു മണിക്കൂര്‍ നീളുന്ന ജോലി സമയത്ത് താന്‍ ഇരിക്കുന്നത് തടയാന്‍ മാനേജര്‍ കസേര നീക്കം ചെയ്തതായും യുവതി ഉപയോക്താക്കളില്‍ ഒരാളോട് രഹസ്യമായി വെളിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


റെസ്റ്റോറന്റിലെ ജീവനക്കാരിയായ സൗദി യുവതി ഡ്യൂട്ടിക്കിടെ ഇരിക്കുന്നത് വിദേശ മാനേജര്‍മാര്‍ വിലക്കുന്നതായി സൗദി പൗരന്മാരില്‍ ഒരാള്‍ പിന്നീട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ പരാതിപ്പെട്ടു. പ്രശ്‌നത്തില്‍ ഇടപെട്ടതായും മുഴുവന്‍ നിയമാനുസൃത നടപടികളും സ്വീകരിച്ചതായും ജീവനക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യം ലഭ്യമാക്കാന്‍ സ്ഥാപനത്തെ നിര്‍ബന്ധിച്ചതായും മന്ത്രാലയം അറിയിച്ചു. റെസ്റ്റോറന്റിന്റെ പ്രവേശന കവാടത്തില്‍ ഉപയോക്താക്കളെ സ്വീകരിക്കാന്‍ നിയോഗിച്ച സൗദി യുവതിയെ ആണ് ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 മണി വരെ നീളുന്ന ഡ്യൂട്ടി സമയത്ത് വിദേശ മാനേജര്‍മാര്‍ ഇരിക്കുന്നതില്‍നിന്ന് വിലക്കിയത്.

 

Latest News