സമാധാനം നഷ്ടമായി, ഉറക്കമില്ല; വിഗ്രഹങ്ങള്‍ തിരികെ എത്തിച്ച് കള്ളന്മാര്‍

ലഖ്‌നൗ-പേടിസ്വപ്‌നങ്ങള്‍ കാരണം സമാധാനമായി ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തി കള്ളന്മാരുടെ സംഘം ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരികെ എത്തിച്ചു.
കവര്‍ച്ച നടത്തിയതു മുതല്‍ തങ്ങളെ പേടിസ്വപ്‌നങ്ങള്‍  വേട്ടയാടുകയാണെന്ന് പറഞ്ഞാണ് പുരാതന ഹിന്ദു ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച ഒരു ഡസനിലധികം വിഗ്രഹങ്ങള്‍ കള്ളന്മാര്‍ തിരികെ നല്‍കിയത്.
വിഷ്ണുവിന്റെ അവതാരമായ ബാലാജിയുടെ 300 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ നിന്ന് 16 പ്രതിമകളാണ് സംഘം കഴിഞ്ഞയാഴ്ച മോഷ്ടിച്ചതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് സിംഗ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലെ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്റെ വീടിന് സമീപമാണ് സംഘം 14 വിഗ്രഹങ്ങള്‍ ഉപേക്ഷിച്ചത്.


ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ടതിനാല്‍ വിഗ്രഹങ്ങള്‍ തിരികെ നല്‍കുന്നുവെന്ന കുറ്റസമ്മത കത്തും അവര്‍ വിഗ്രഹങ്ങളോടൊപ്പം വെച്ചിരുന്നു. മോഷ്ടാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഞങ്ങള്‍ക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും സമാധാനമായി ജീവിക്കാനും കഴിയുന്നില്ല. ഭീതിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു, നിങ്ങളുടെ വിലയേറിയ വസ്തുക്കള്‍ ഇതാ തിരികെ നല്‍കുന്നു- ഇതാണ് ഹിന്ദിയിലെഴുതിയ ക്ഷമാപണ കത്തിലെ വാക്കുകള്‍.

 

Latest News