പാലക്കാട്- ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നിശ്ചയിച്ചതിലും കൂടുതൽ കൂലി വാങ്ങരുതെന്ന് സി.ഐ.ടി.യു.വിന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പാർട്ടി ഭരിക്കുന്ന പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങളുടെ ക്ഷേമപദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന കട്ടിലുകൾ ഇറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം വാർത്തകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് ഈ ഇടപെടൽ.
സി.ഐ.ടി.യു പ്രവർ ത്തകരും ലോറി ഡ്രൈവറും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഒരു ദിവസം ലോറി നിർത്തിയിടേണ്ടി വന്നിരുന്നു. ഒരു കട്ടിലിന് ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നിശ്ചയിച്ച കൂലിയേക്കാൾ വളരെയധികം വേണമെന്ന നിലപാടിൽ തൊഴിലാളികൾ ഉറച്ചു നിൽക്കുകയായിരുന്നു.
കട്ടിലൊന്നിന് 38.50 രൂയാണ് കൂലിയായി ബോർഡ് നിശ്ചയിച്ചിരുന്നത്. 50 രൂപയിൽ കുറഞ്ഞാൽ പറ്റില്ലെന്ന് സി.ഐ.ടി.യു നിർബ്ബന്ധം പിടിച്ചു. വിഷയം വിവാദമായതോടെ പാർട്ടി നേതാവു കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു ഇടപെട്ട് നാൽപതു രൂപ നിരക്കിൽ കട്ടിൽ ഇറക്കാൻ ധാരണയായതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.
നോക്കുകൂലി നിർത്തലാക്കുന്നതിനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ ചുമട്ടു തൊഴിലാളി മേഖലയിലെ പാർട്ടി അനുകൂല സംഘടന ഉൾപ്പെട്ട ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് മധ്യവർഗത്തിനിടയിൽ വലിയ അതൃപ്തിക്ക് വഴിയൊരുക്കുമെന്നാണ് സി.പി.എം നേതാക്കളുടെ വിലയിരുത്തൽ. പെരുവെമ്പിലെ വിവാദം സർക്കാരിന്റെ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ടതാണെന്നത് പാർട്ടിയെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
വാർത്താ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത സംഭവം നവമാധ്യമങ്ങളിലും ഏറെ ചർച്ചയായി. ചുമട്ടു തൊഴിലാളി രംഗത്തെ തെറ്റായ പ്രവണതകൾ നിയന്ത്രിക്കുമെന്ന സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതാണെന്നായിരുന്നു വിമർശനങ്ങളുടെ കാതൽ.
പ്രശ്‌നം വിവാദമായിട്ടും അത് പരിഹരിക്കാൻ പ്രാദേശിക നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്ന വിലയിരുത്തലും സി.പി.എം ജില്ലാ നേതൃത്വത്തിനുണ്ട്. 102 പട്ടികജാതി കുടുംബങ്ങൾക്കും 20 ബി.പി.എൽ കുടുംബങ്ങൾക്കും വിതരണം ചെയ്യാനായി കൊണ്ടുവന്ന കട്ടിലുകളാണ് പാലത്തുള്ളി റോഡിലെ ഗോഡൗണിനു സമീപം ലോറിയിൽ ഒരു ദിവസത്തോളം കിടന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുൻകയ്യെടുത്ത് നടപ്പിലാക്കിയ ഒത്തുതീർപ്പ് ഫോർമുല തനിക്ക് സ്വീകാര്യമായിരുന്നില്ലെന്നും മറ്റ് വഴികളില്ലാത്തതിനാൽ അംഗീകരിക്കുകയായിരുന്നുവെന്നും കരാറുകാരൻ ചെർപ്പുളശ്ശേരി സ്വദേശി കുഞ്ഞുമുഹമ്മദ് പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നിശ്ചയിച്ചതിലും കൂടുതൽ തുക നൽകേണ്ടി വന്നത് മാനസിക പ്രയാസമുണ്ടാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.






