അസംഗഡ്- ഗ്യാന്‍വാപി പോലുള്ള സംഭവങ്ങള്‍ ബി.ജെ.പി തയാറാക്കിയ വിദ്വേഷ കലണ്ടറിന്റെ ഭാഗമാണെന്നും പണപ്പെരുപ്പവും തൊഴിലില്ലായ്മയും നേരിടുന്നതില്‍നിന്ന് രക്ഷപ്പെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമമാണിതെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ഗ്യാന്‍വാപി പോലുള്ള സംഭവങ്ങള്‍ ബി.ജെ.പിയും അവരുടെ സഹായികളും ബോധപൂര്‍വം ഇളക്കിവിടുകയാണ്. ഇന്ധനത്തിനും ഭക്ഷണത്തിനും രാജ്യത്ത് വില കൂടുന്നു. പണപ്പെരുപ്പത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും അവര്‍ക്ക് മറുപടിയില്ല.തെ രഞ്ഞെടുപ്പ് വരെ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി വിദ്വേഷ കലണ്ടര്‍ തയാറാക്കിയിട്ടുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
ബി.ജെ.പി രാജ്യത്തിന്റെ സ്വത്ത് മുഴുവന്‍ ഒറ്റ വ്യവസായിക്ക് വില്‍ക്കുകയാണെന്ന് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഏത് സ്വത്താണ് വിറ്റതെന്ന് ജനങ്ങള്‍ അറിയുന്നുപോലുമില്ല. ഒരു രാജ്യം ഒരു റേഷന്‍ എന്ന മുദ്രാവാക്യമാണ് ബി.ജെ.പി ഉയര്‍ത്തിയെങ്കിലും ഇപ്പോള്‍ അത് ഒരു രാഷ്ട്രം ഒരു വ്യവസായി എന്നാക്കി മാറ്റി ആ വ്യവസായിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, രാസ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കുത്തനെയുള്ള കുതിച്ചുചാട്ടം കാരണം ഇന്ത്യയിലെ മൊത്ത പണപ്പെരുപ്പം മുന്‍ മാസത്തെ 14.55 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 15.08 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായി 13 മാസമായി ഇരട്ട അക്കത്തിലാണ്.പണപ്പെരുപ്പം 2021 ഏപ്രിലില്‍ 10.74 ശതമാനമായിരുന്നു.
മിനറല്‍ ഓയില്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് ഏപ്രിലിലെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിനു കാരണം.
വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ മൂന്ന് ദിവസം നീണ്ടുനിന്ന വീഡിയോഗ്രാഫി സര്‍വേ തിങ്കളാഴ്ച വിവാദത്തോടെയാണ് അവസാനിച്ചത്.
സമിതി സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയതായി കേസിലെ ഹിന്ദു ഹരജിക്കാരനായ സോഹന്‍ ലാല്‍ ആര്യ അവകാശപ്പെട്ടതിനെ തുടര്‍ന്ന് കോടതി പള്ളിയിലെ വുദുഖാന സീല്‍ ചെയ്തിരിക്കയാണ്.
സര്‍വേ അവസാനിച്ചതിന് ശേഷം വാരാണസിയിലെ ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മയോട് വാരണാസി കോടതി ശിവലിംഗം കണ്ടെത്തിയ പ്രദേശം അടച്ചുപൂട്ടാനും ആളുകള്‍ സ്ഥലത്തേക്ക് പോകുന്നത് തടയാനും ഉത്തരവിടുകയായിരുന്നു.
ശിവലിംഗം സംരക്ഷിക്കപ്പെടുമ്പോള്‍ മുസ്ലിംകളെ നമസ്‌കരിക്കുന്നതില്‍നിന്ന് തടയരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.






