Sorry, you need to enable JavaScript to visit this website.

ഭോപാൽ ജയിലിൽ സിമി പ്രവർത്തകർ കടുത്ത പീഡനത്തിനിരയായതായി മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്

ന്യൂദൽഹി- ഭോപാൽ സെൻട്രൽ ജയിലിൽ വിചാരണ കാത്തു കഴിയുന്നതിനിടെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ എട്ട് പേരടക്കമുള്ള സിമി പ്രവർത്തകർ ജയിലിൽ കടുത്ത പീഡനത്തിനിരയായിരുന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ട്.
തടവുകാരെ ശാരീരികവും മാനസികവുമായി പീഡനത്തിനരയാക്കിയെന്നു പറയുന്ന കമ്മീഷന്റെ റിപ്പോർട്ട്, കുറ്റക്കാരായ ജയിൽ അധികൃതർക്കെതിരേ നടപടി വേണമെന്നും ശുപാർശ ചെയ്തു.
ഏകാന്ത തടവിലാണ് ഇവരെയെല്ലാം താമസിപ്പിച്ചത്. ജയിലിൽ ഇവർക്ക് മതിയായ സൗകര്യങ്ങളും നൽകിയില്ല. പലപ്പോഴും ഉറക്കം പോലും നിഷേധിക്കപ്പെട്ടു. അസുഖം വന്നാൽ പ്രാഥമിക ചികിൽസ പോലും നിഷേധിക്കപ്പെട്ടു. സ്വന്തം മതവിശ്വാസത്തെ തള്ളിപ്പറഞ്ഞ് നിർബന്ധിപ്പിച്ച് ജയ് ശ്രീരാം വിളിപ്പിച്ചു. തടവുകാരുടെ കൈവശം ഉണ്ടായിരുന്ന ഖുർആൻ വാങ്ങി വലിച്ചെറിയുകയുണ്ടായെന്നും റിപ്പോർട്ടിൽ ആരോപണമുണ്ട്. 
തടവുകാരെ ശാരീരികവും മാനസികവുമായും പീഡിപ്പിക്കാൻ നേരിട്ടോ അല്ലാതെയോ കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു. തടവുകാരുടെ ശരീരത്തിൽ എങ്ങനെയാണ് മുറിവേറ്റതെന്നു മറച്ചുവെച്ച ജയിൽ ഡോക്ടർ പ്രേമേന്ദ്ര ശർമക്കെതിരെ നടപടി വേണമെന്നും 24 പേജ് വരുന്ന റിപ്പോർട്ടിൽ കമ്മീഷൻ ആവശ്യപ്പെട്ടു.
സഹതടവുകാർ, കൊല്ലപ്പെട്ട തടവുകാരുടെ കുടുംബാംഗങ്ങൾ, അവരുടെ അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, ജയിലിലെ ജീവനക്കാർ എന്നിവരുമായി സംസാരിച്ച ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്. ജയിലിൽ ആകെ 29 വിചാരണത്തടവുകാരാണ് ഉണ്ടായിരുന്നത്. അതിൽ എട്ടു പേർ കൊല്ലപ്പെട്ടതോടെ ഇവരുടെ എണ്ണം 21 ആയി. ഇതിൽ ഒരാളെ മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വർഷം മെയിൽ 21 പേരുടെയും ബന്ധുക്കൾ കമ്മീഷനെ സമീപിച്ചു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തടവുകാരുടെ സാഹചര്യങ്ങൾ കമ്മീഷൻ അന്വേഷിച്ചത്.
വൈദ്യപരിശോധനയ്ക്കും 'സുഖാന്വേഷണ'ത്തിനും എന്ന പേരിൽ രാത്രി തടവുമുറിയിൽ വന്ന് ഉറക്കം നഷ്ടപ്പെടുത്തുമെന്നു തടവിലുള്ള മുഹമ്മദ് ജാവേദ് (30) പരാതിപ്പെട്ടതായി അദ്ദേഹത്തിന്റെ ഭാര്യ ഷാമ പറഞ്ഞു. മുഹമ്മദ് ജാവേദിന്റെ കൂടെയുള്ള അമിത്, ധർമേന്ദ്ര, വിജയ് വർമ എന്നിവർ സ്ഥിരമായി അധിക്ഷേപാർഹമായ പദപ്രയോഗങ്ങൾ നടത്തുമെന്നും ഷാമ പറഞ്ഞു. 58 അടിയുള്ള തടവറയിൽ തനിച്ചാണ് ഇവരെ പാർപ്പിക്കുക. തടവറയിൽ ഫാൻ ഉണ്ടാവില്ല. ഓരോ ദിവസവും ഏതാനും മിനിറ്റ് സമയം മാത്രമേ  വെള്ളം ശേഖരിക്കാനും മറ്റും പുറത്തേക്ക്  വിടൂ. ഏകാന്ത സെല്ലിൽ അടച്ചിടുന്നതിനാൽ നിരവധി മാനസിക പ്രശ്‌നങ്ങളും ഇവർ നേരിടുന്നു. കൈകാലുകൾ മുകളിലേക്ക് വച്ച് 'ഹെലികോപ്ടർ പൊസിഷനിൽ' ആക്കിയാണ് പ്രധാന പീഡനമെന്ന് തടവുകാരന്റെ മൊഴിയായി റിപ്പോർട്ട് പറയുന്നു.
തടവുകാരെ സന്ദർശിക്കാനെത്തുന്ന ബന്ധുക്കളോട് ജയിലധികൃതരുടെ ഭാഗത്തുനിന്നുള്ള മനുഷ്യത്വ വിരുദ്ധമായ പെരുമാറ്റത്തെ കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നു.
നിഖാബ് ധരിച്ചെത്തുന്ന ബന്ധുക്കളോട് അതു ഊരിവെയ്ക്കാൻ നിർദേശിച്ച ശേഷം അവരുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുക്കുന്നതുൾപ്പെടെയുള്ള ആരോപണം ബന്ധുക്കൾ തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലും ആവർത്തിച്ചു. അതേസമയം, കമ്മീഷന്റെ കണ്ടെത്തൽ ജയിൽ മേധാവി സഞ്ജയ് ചൗധരി നിഷേധിച്ചു. റിപ്പോർട്ട് ഏകപക്ഷീയമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭോപാൽ ജയിലിൽ നിന്ന് 2016 ഒക്ടോബർ 31ന് അർധരാത്രി ജയിൽ ചാടിയ എട്ടു സിമി തടവുകാരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നാണ് പോലീസ്  പറയുന്നത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും സാഹചര്യ തെളിവുകളും ഉയർത്തി സാമൂഹിക പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയതോടെ കേസിൽ ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് 

 

Latest News