കുരങ്ങ് റാഞ്ചിയ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍

കട്ടക്ക്- അമ്മയോടൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെ കുരങ്ങ് തട്ടിക്കൊണ്ടു പോയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. ഒഡീഷയില്‍ കട്ടക്ക് ജില്ലയിലെ തലബസ്ത എന്ന ഗ്രാമത്തിലാണ് സംഭവം. വനം വകുപ്പ് സംഘം കാട്ടില്‍ വ്യാപക തിരച്ചില്‍ നടത്തി വരുന്നതിനിടെ വീടിനു സമീപത്തുള്ള കിണറ്റില്‍ നിന്നാണ് 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. ഈ കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ എത്തിയ സ്ത്രീയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ കുഞ്ഞിന്റെ വീട്ടുകാരേയും പോലീസിനേയും വിവരമറിയിച്ചു. കുട്ടിയെ തട്ടിയെടുത്ത് ഓടുന്നതിനിടെ കുരങ്ങിന്റെ കയ്യില്‍ നിന്നും കിണറ്റില്‍ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ മരണ കാരണം സ്ഥിരീകരിക്കാനാകൂ.


 

Latest News