ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ വരാണസയിലുള്ള ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ പ്രദേശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും എന്നാല്‍ മുസ്്‌ലിംകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് തടയരുതെന്നും സുപ്രീം കോടതി.
പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി നിര്‍ദേശം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെതിരായ അപ്പീലില്‍ നോട്ടീസയക്കാന്‍
ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും പി.എസ്. നരസിംഹയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഗ്യാന്‍വാപി മസ്ജിദ് പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്‍തിനസാമിയയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പള്ളി സമുച്ചയത്തില്‍ നടത്തിയ സര്‍വേക്കിടെ പള്ളിക്കുള്ളില്‍ കണ്ടെത്തിയ ശിവലിംഗം സംരക്ഷിക്കേണ്ടതുണ്ടെന്നും എന്നാല്‍ നമസ്‌കരിക്കുന്നതിന് മുസ്‌ലിംകള്‍ ള്ളിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈയാഴ്ച അവസാനം കേസില്‍ കുൂടുതല്‍ വാദം കേള്‍ക്കുമെന്ന് കരുതുന്നു.
കമ്മീഷണറുടെ സര്‍വേ റിപ്പോര്‍ട്ട് പരിശോധിക്കാനിരിക്കുന്ന വിചാരണ കോടതിയുടെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു.
നമസ്‌കാരത്തിനുമുമ്പ് കൈയും കാലും മുഖവും കഴുകുന്ന വുദുഖാന സീല്‍ ചെയ്യാന്‍ വിചാരണ കോടതി ഉത്തരവിട്ടത് ശരിയായില്ലെന്ന് ഹരജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി വാദിച്ചു.
പള്ളിയിലെ സ്ഥിതിയില്‍ മാറ്റം വരുത്തിയിരിക്കയാണെന്നും വുദുഖാന പണ്ടുമുതലേ ഉപയോഗിച്ചുവരുന്നതാണെന്നും ആരാധനാലയങ്ങളുടെ തല്‍സ്ഥതി നിലനിര്‍ത്തണമെന്ന നിയമത്തിനു വിരുദ്ധമാണിതെന്നും ഹുസേഫ അഹമ്മദി ചൂണ്ടിക്കാട്ടി.
വുദു സമയത്ത് ആരെങ്കിലും ശിവലിംഗത്തില്‍ കാല്‍വെച്ചാല്‍ അത് ക്രമസമാധാനത്തെ തകര്‍ക്കുമെന്നും പ്രദേശം സീല്‍ ചെയ്യണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
വാദങ്ങള്‍ കേട്ട ശേഷമാണ് പ്രദേശം സീല്‍ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.






