ബൈക്ക് റേസിംഗ് താരത്തിന്റെ മരണം, ഭാര്യ അറസ്റ്റില്‍

ന്യൂമാഹി- ബൈക്ക് റേസിംഗ് താരം ന്യൂമാഹി മങ്ങാട് വേലായുധന്‍മൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിലായി. ബംഗളൂരു ആര്‍.ടി.നഗറിലെ സുമേറ പര്‍വേസാണ് അറസ്റ്റിലായത്. സഞ്ജയ് നഗറില്‍നിന്ന് രാജസ്ഥാന്‍ പോലീസാണ് സുമേറയെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പ്രതിയായ അഷ്ബാഖിന്റെ മാനേജര്‍ അബ്ദുള്‍സാദിറിനെ പിടികിട്ടാനുണ്ട്. കേസില്‍ രണ്ടുപേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റേസിംഗ് ടീമിലെ അംഗങ്ങള്‍ കര്‍ണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് നേരത്തേ പിടിയിലായത്.

സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയത്. 2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്‌സാല്‍മേറില്‍ റേസിംഗ് പരിശീലനത്തിനിടെയാണ് അഷ്ബാഖിനെ മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ സുമേറ, സാബിഖ്, കര്‍ണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അഷ്ബാഖ് ജയ്‌സാല്‍മേറിലെത്തിയത്. ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്. അവിടെനിന്നാണ് കുടുംബസമേതം ബംഗളൂരുവിലെത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനില്‍തന്നെ അതിവേഗം കബറടക്കുകയായിരുന്നു. അഷ്ബാഖിന്റെ സഹോദരന്‍ ടി.കെ. ര്‍ഷാദും മാതാവ് സുബൈദയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മരണത്തിനുപിന്നാലെ അഷ്ബാഖിന്റെ അക്കൗണ്ടില്‍നിന്ന് 68 ലക്ഷം രൂപ പിന്‍വലിച്ചതും സംശയത്തിനിടയാക്കി .

ബംഗളൂരുവില്‍ വ്യാപാരിയായ സഹോദരനും മാതാവും മൂന്നുവര്‍ഷമായി നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 

Latest News