Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത നടി സാറയ്ക്ക് എട്ട് വര്‍ഷം ജയില്‍

ലണ്ടന്‍- കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ഡോക്ടര്‍ സ്‌ട്രേഞ്ച് നടി സാറ ഫൈതിയന് (37) എട്ട് വര്‍ഷം ജയില്‍ ശിക്ഷ. 13 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ജൂറി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്   നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്.


ഫൈതിയന്റെ ഭര്‍ത്താവ് വിക്ടര്‍ മാര്‍ക്കെ (59) ഇതേ പെണ്‍കുട്ടിയെ സംയുക്തമായി ദുരുപയോഗം ചെയ്തതിനും മറ്റൊരു പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞതിനും 14 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
ഇരുവരും ലൈംഗീക കുറ്റവാളികളുടെ ആജീവനാന്ത രജിസ്റ്ററില്‍ ഒപ്പിടണം. കുട്ടികളുമായി ഇനിയൊരിക്കലും പ്രവര്‍ത്തിക്കാന്‍ പാടില്ല.


കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത ദമ്പതികളെ ശിക്ഷാ വിധി കേള്‍പിക്കാനായി  ഒരുമിച്ചാണ് കോടതിയിലേക്ക് കൊണ്ടുവന്നത്.
പബ്ലിക് ഗാലറിയില്‍ ആളുകള്‍ നോക്കുമ്പോള്‍ മാര്‍ക്കിന് കരച്ചിലടക്കാനായില്ല. സാറ അസ്വസ്ഥനായ ഭര്‍ത്താവിനെ നോക്കിക്കൊണ്ട് ഒരു സീറ്റില്‍ ഇരുന്നു. ഗാലറിയില്‍ ആരെയോ കണ്ട് കൈവീശി ചിരിക്കാന്‍ ശ്രമിച്ചു. ഹോളിവുഡ് താരത്തിന്റെ തലമുടി അലങ്കോലമായിരുന്നു. മേക്കപ്പ് ഇല്ലാത്ത അവരുടെ മുഖം വിളറിയനിലയിലുമായിരുന്നു.


പെണ്‍കുട്ടിയുടെ ലൈംഗികാതിക്രമത്തിന്റെ തുടക്കം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വിധി പ്രഖ്യാപിച്ച ജഡ്ജി മാര്‍ക്ക് വാട്‌സണ്‍ ദമ്പതികളോട് പറഞ്ഞു.
ഒട്ടുമിക്ക ആളുകളും നിങ്ങളെ ഉന്നതമായി ആദരിക്കുകയും പിന്തുടരുകയും ചെയ്തിരുന്നു. ആയോധന കല പരിശീലകര്‍ എന്ന നിലയില്‍ നിങ്ങളുടെ ജോലിയുടെ സ്വാധീനമാണ് ഇതിന് കാരണം-  അദ്ദേഹം പറഞ്ഞു.

 

Latest News