ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ നിര്‍ണായക വാദം കേള്‍ക്കല്‍ ഇന്ന്

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി സമുച്ചയത്തിലെ സര്‍വേക്കെതിരെ  പള്ളി മാനേജ്‌മെന്റ് നല്‍കിയ ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ശിവലിംഗം കണ്ടെത്തിയതായി ആരോപിക്കപ്പെടുന്ന സമുച്ചയത്തിനുള്ളിലെ സ്ഥലം സീല്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടത്തോട്  വാരണാസി കോടതി നിര്‍ദ്ദേശിച്ച സംഭവവികാസത്തിനിടയിലാണ്  സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത്.
ഗ്യാന്‍വാപി പള്ളിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന അഞ്ചുമന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുക.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച  ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
പള്ളി സമുച്ചയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍വേ നിര്‍ത്തണമെന്നും തല്‍സ്ഥിതി തുടരാന്‍  ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നുമുള്ള മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം  ബെഞ്ച് തള്ളിയിരുന്നു.
എന്നാല്‍, ഹരജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സമ്മതിക്കുകയായിരുന്നു. ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയാണ് വിഷയം ചീഫ് ജസ്റ്റിസ് മുമ്പാകെ പരാമര്‍ശിച്ചത്.  ഡോ. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വിഷയം ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയോട് നിര്‍ദേശിക്കാമെന്നാണ് ചീഫ് ജസ്റ്റിസിനുപുറമെ ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, ഹിമ കോഹ്‌ലി എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്് ഉത്തരവില്‍ പറഞ്ഞത്.
ഗ്യാന്‍വാപി പുരാതന പള്ളിയാണെന്നും അതിന്റെ പദവി മാറ്റുന്നത് ആരാധനാലയ നിയമ്രപ്രകാരം തടയണമെന്നും കേസില്‍ അടിയന്തര ഇടക്കാല ഉത്തരവ് വേണമെന്നുമാണ് ഹുസേഫ അഹമ്മദി ആവശ്യപ്പെട്ടിരുന്നത്.
ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഹരജി ഫയല്‍ ചെയ്യുന്നതോ മറ്റേതെങ്കിലും നിയമനടപടികള്‍ ആരംഭിക്കുന്നതോ 1991ലെ ആരാധനാലയ നിയമം തടയുന്നുണ്ടെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേ നടത്താന്‍ നിയോഗിച്ച അഭിഭാഷക കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ മെയ് 12ന് വാരണാസി പ്രാദേശിക കോടതി തള്ളുകയും മെയ് 17നകം സര്‍വേ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദിന്റെ സര്‍വേയില്‍ അഡ്വക്കേറ്റ് കമ്മീഷണറെ സഹായിക്കാന്‍ രണ്ട് അഭിഭാഷകരെ കൂടി ജില്ലാ കോടതി നിയോഗിച്ചിരുന്നു.

 

Latest News