വരാണസി- കോടതി നിര്‍ദേശ പ്രകാരം നടത്തിയ വീഡിയോ സര്‍വേക്കിടെ ശിവലിംഗം കണ്ടെന്ന അവകാശവാദത്തെ തള്ളി ഗ്യാന്‍വാപി മസ്ജിദ് ഭാരവാഹികള്‍.
ശിവലിംഗം കണ്ടെത്തിയതായി പറയുന്നതു ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ടാങ്കിലെ വാട്ടര്‍ ഫൗണ്ടന്‍ ആണ് ഇതെന്നും മസ്ജിദ് അധികൃതര്‍ പറഞ്ഞു. മുഗള്‍കാല നിര്‍മിതിയായ മസ്ജിന്റെ വുദു ഖാനയിലുള്ള വാട്ടര്‍ ഫൗണ്ടന്റെ ഭാഗമാണ് ഇതെന്ന് വ്യക്തമാക്കി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഗ്യാന്‍വാപി മസ്ജിദിന്റെ സംരക്ഷണചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് ജോ. സെക്രട്ടറി സയിന്‍ യാസീന്‍ പറഞ്ഞു.
രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണര്‍ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടന്‍ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് അവകാശപ്പെട്ട് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
കോടതി ഇക്കാര്യത്തില്‍ ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടതെന്നും കോടതി നിയോഗിച്ച കമ്മീഷണര്‍ക്കുപകരം മസ്ജിദിനു മേല്‍ അവകാശവാദം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അവകാശവാദമാണ് കോടതി കണക്കിലെടുത്തതെന്നും യാസീന്‍ കുറ്റപ്പെടുത്തി. വുദു ഖാനയുടെ ഭാഗം അടച്ചിട്ടതിനാല്‍ ആളുകള്‍ക്കു അംഗശുദ്ധി വരുത്താന്‍ മറ്റൊരിടത്ത് സൗകര്യമൊരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
കോടതി ഉത്തരവിനെ തുടര്‍ന്ന് വരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ അംഗശുചീകരണത്തിന് ഉപയോഗിക്കുന്ന ടാങ്ക് സീല്‍ ചെയ്യാനാണ് ഉത്തര്‍പ്രദേശ് കോടതിനിര്‍ദേശിച്ചത്. പള്ളിയിലെ ടാങ്കില്‍ ശിവലിംഗം കണ്ടെത്തിയെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ജെയിന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
നമസ്‌കാരത്തിന് മുമ്പായി അംഗശുചീകരണത്തിനായി ഉപയോഗിച്ചിരുന്ന ടാങ്കില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് അവകാശവാദം. ഇത് ഇന്നലെ വൃത്തിയാക്കിയപ്പോഴാണ് വിഗ്രഹം കണ്ടതെന്ന് അഭിഭാഷകന്‍ പറയുന്നു. പ്രദേശം സീല്‍ ചെയ്യണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മസ്ജിദിന് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചു.
സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
മസ്ജിദ് സമുച്ചയത്തില്‍ കോടതി നിര്‍ദേശപ്രകാരം നടത്തിയ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. കോടതി നിയോഗിച്ച സമിതിയാണ് വീഡിയോ സര്‍വേ നടത്തിയത്. കഴിഞ്ഞദിവസം സര്‍വേയുടെ 65 ശതമാനം പൂര്‍ത്തിയായിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് സര്‍വേ നടന്നത്. കേസ് വീണ്ടും പരിഗണിക്കാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കെയാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയായത്. മൂന്നംഗ അഭിഭാഷക കമ്മീഷനാണ് സര്‍വേ നടത്തിയത്. റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് തകര്‍ത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാമെന്നും ഇതിന്റെ ചിത്രങ്ങള്‍ വലിയ തെളിവാണെന്നും വിഷ്ണു ജെയിന്‍ അവകാശപ്പെട്ടു. മസ്ജിദ് സമുച്ചയത്തിലെ നാലു മുറികള്‍ തുറന്നാണ് പരിശോധന നടത്തിയത്. മേയ് ആറിനാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ സംഘര്‍ഷ സാഹചര്യം രൂപപ്പെട്ടതിനാല്‍ നിര്‍ത്തിവെച്ചു. പള്ളിക്കുള്ളില്‍ ക്യാമറ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി നിലപാടെടുക്കുകയായിരുന്നു. എന്നാല്‍, ഇത് കോടതി തള്ളി. 2021ല്‍ രാഖി സിംഗ്്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ദല്‍ഹി സ്വദേശിനികള്‍ പള്ളിയ്ക്കുള്ളില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദമായത്.
ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് ഉത്തരവ് 1949 ഡിസംബറിലെ ബാബരി മസ്ജിദ് വിധിയുടെ തനി ആവര്‍ത്തനമാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
1949 ഡിസംബറില്‍ പുറപ്പെടുവിച്ച ബാബരി മസ്ജിദ് വിധിയുടെ ആവര്‍ത്തനമാണിത്. മസ്ജിദിന്റെ മതപരമായ സ്വഭാവത്തെ മാറ്റുന്നതാണ് ഈ ഉത്തരവ്. ഇത് 1991 ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണ്. ഇത് തന്നെയായിരുന്നു തന്റെ ആശങ്കയെന്നും അത് യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദ് അന്തിമ വിധി ദിവസം വരെ മസ്ജിദായി തുടരുമെന്ന് പ്രതീക്ഷിക്കാം -അദ്ദേഹം ട്വീറ്റ് ചെയ്തു.






