Sorry, you need to enable JavaScript to visit this website.

പുതിയ ഉദയം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിന് പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല

ന്യൂദല്‍ഹി- പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിയാനുള്ള ആശയ രൂപീകരണത്തിനായി മൂന്നു ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ സമാപിച്ചത് കാതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താതെ. നിയമസഭ, പൊതു തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടാം, 2022 മുതല്‍ 2027 വരെ പാര്‍ട്ടിയെ ആരു നയിക്കും, ഭൂരിപക്ഷ ബലത്തെയും ദേശീയവാദ ബലപ്രയോഗങ്ങളെയും എങ്ങനെ നേരിടും തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്ക് രാജസ്ഥാനിലെ ഉദയ്പൂരില്‍ ചേര്‍ന്ന ചിന്തന്‍ ശിബിരിലും തുടര്‍ന്ന് ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലും ഉത്തരമോ വിശദീകരണമോ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി നേതൃത്വം വീണ്ടും ഏറ്റെടുക്കണമെന്നും താല്‍പര്യമില്ലെങ്കില്‍ പ്രിയങ്കയ്ക്ക് കൈമാറണമെന്നുമുള്ള ആവശ്യങ്ങള്‍ക്കും ഉദയ്പൂരില്‍നിന്ന് കോണ്‍ഗ്രസ് ഒരുത്തരവും നല്‍കിയില്ല.
കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് വേണം എന്ന ആവശ്യം നിരാകരിച്ച് പകരം രാഷ്ട്രീയ കാര്യ സമിതികള്‍ ആകാം എന്ന തീരുമാനത്തോടും പല നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡിന് പല കാര്യങ്ങളിലും പരമാധികാരമുണ്ട്. അതിനാല്‍ തന്നെ പാര്‍ട്ടി അധ്യക്ഷ പദവിയിലിരിക്കുന്നവരുടെ അധികാര പരിധി വെട്ടിച്ചുരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം പ്രവര്‍ത്തക സമിതി യോഗം നിരാകരിച്ചത്. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിച്ചാല്‍ അതിന് പ്രവര്‍ത്തക സമിതിയേക്കാള്‍ മേല്‍ക്കൈയും ഉണ്ടാകും.
    എന്നാല്‍, പ്രവര്‍ത്തക സമിതിയില്‍നിന്നുള്ള അംഗങ്ങളെ തന്നെ ഉള്‍ക്കൊള്ളിച്ച് രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കുമെന്നാണ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയത്. നിലവില്‍ പ്രവര്‍ത്തക സമിതിയില്‍ 57 അംഗങ്ങളാണുള്ളത്. ജനസ്വാധീനം ഉണ്ടെന്ന് വിലയിരുത്തപ്പെടുന്ന സച്ചിന്‍ പൈലറ്റ്, കമല്‍ നാഥ്, ഡി.കെ ശിവകുമാര്‍, ഭൂപേന്ദ്ര സിംഗ് ഹൂഡ, ഭൂപേഷ് ഭഗേല്‍, അശോക് ഗെഹ്‌ലോട്ട്, പൃഥ്വിരാജ് ചൗഹാന്‍ തുടങ്ങി പല സുപ്രധാന നേതാക്കളും പ്രവര്‍ത്തക സമിതിയില്‍ ഇല്ല. ഇവരാരും തന്നെ ഇല്ലാത്ത ഒരു രാഷ്ട്രീയ കാര്യസമിതിക്ക് എന്ത് പ്രാധാന്യം ഉണ്ടാകുമെന്നാണ് ചിന്തന്‍ ശിബിരിന് ശേഷം ഉയരുന്ന പ്രധാന ചോദ്യം.
1998ല്‍ നടന്ന പച്ച്മാരി ചിന്തന്‍ ശിബിരിലെ പോലെ ഉദയ്പൂര്‍ ശിബിരില്‍ കോണ്‍ഗ്രസ് സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിനെ പറ്റി ഒരു ചര്‍ച്ചയും നടത്തിയില്ല. എന്‍.ഡി.എ ഇതര പ്രാദേശിക കക്ഷികളെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത് ഒഴികെ സഖ്യ സാധ്യതകളെക്കുറിച്ച് ഗുരുതര വിലയിരുത്തലുകളൊന്നും തന്നെ ഉണ്ടായില്ല. കോണ്‍ഗ്രസ് ഒരു സഖ്യ നേതൃത്വത്തില്‍ എത്തേണ്ട ചരിത്ര നിയോഗത്തെക്കുറിച്ചു വിമര്‍ശിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പരാമര്‍ശങ്ങള്‍ പോലും സമ്മേളനത്തില്‍ ചര്‍ച്ചയായില്ല.
 പാര്‍ട്ടിയില്‍ സമൂല മാറ്റം അനിവാര്യമാണെന്ന് 2020 ഓഗസ്റ്റ് മുതല്‍ ആവശ്യപ്പെടുന്ന ജി23 നേതാക്കളും ചിന്തന്‍ ശിബിരില്‍ മൗനം പാലിച്ചു. ഇവരില്‍ പ്രമുഖനായ കപില്‍ സിബല്‍ ഉദയ്പൂരില്‍ എത്തിയിരുന്നില്ല. എന്നാല്‍, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, ഭൂപേന്ദ്ര സിംഗ് ഹൂഡ, പൃഥ്വിരാജ് ചൗഹാന്‍, ശശി തരൂര്‍, വിവേക് തന്‍ക, മനീഷ് തിവാരി എന്നിവര്‍ തങ്ങള്‍ ഉന്നയിച്ച വിമത ശബ്ദം ചിന്തന്‍ ശിബിരിനെത്തിയപ്പോള്‍ വിഴുങ്ങിയതാണ് കണ്ടത്. രാജ്യസഭാ സീറ്റ് മുന്നില്‍ കണ്ടാണ് ഇവരില്‍ ചിലരുടെ ഇപ്പോഴത്തെ മൗനമെന്നാണ് ഒരു വിഭാഗത്തിന്റെ കുറ്റപ്പെടുത്തല്‍.

 

 

 

Latest News