ബൈപാസ് ആയിട്ടും ഭൂമി വിട്ടുനൽകിയ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല

തലശ്ശേരി- ബൈപാസ് നിർമാണം അന്തിമ ഘട്ടത്തിലെത്തിയിട്ടും ഇതിനായി ഭൂമി വിട്ടു നൽകിയവർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല. മുഴപ്പിലങ്ങാട്-മാഹി ബൈപാസിനായി സ്ഥലമേറ്റെടുത്ത വകയിൽ ഭൂവുടമകൾക്ക് കിട്ടാൻ ബാക്കിയുള്ളത് 24 കോടി രൂപ. തുക നൽകാൻ വൈകുന്നത് ബൈപാസിന്റെ വഴിയിൽ പ്രതിഷേധത്തിന്റെ വിള്ളലുകൾ വീഴ്ത്തുന്നുണ്ട്. 
നിട്ടൂർ നമ്പ്യാർ പീടികയിലെ രേണുകാ നിവാസിൽ കെ.എം.രേണക 2020 ജനുവരിയിൽ തന്റെ നാലര സെന്റ് ഭൂമിയും അതിലുള്ള വീടും വിട്ടുനൽകിയിരുന്നു. 73 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. 2020 ഡിസംബറിൽ രേഖകളിൽ ഒപ്പിട്ടു നൽകുമ്പോൾ 2 ദിവസത്തിനുള്ളിൽ പണം എത്തുമെന്നായിരുന്നു ഉറപ്പ് നൽകിയത്. എന്നാൽ ഇന്നേ വരെ തുക കിട്ടിയില്ല. താമസ യോഗ്യമല്ലാത്ത വീട്ടിൽ റിപ്പയർ പോലും നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രായമായ രേണുകയും മകനും തീ തിന്നു കഴിയുകയാണ്.
ബൈപാസ് റോഡിന് സർവീസ് റോഡുമായി ബന്ധപ്പെട്ട് അധിക ഭൂമി ഏറ്റെടുക്കാൻ എൽ.എ എൻ.എച്ച് ഓഫീസിൽ നിന്ന് മൂന്ന് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുക ഉടൻ നൽകാമെന്ന് അറിയിച്ച ദേശീയപാത അധികൃതർ പണം നൽകുന്നത് നീട്ടിക്കൊണ്ട് പോകുന്നതായാണ് പരാതി. ബൈപാസ് നിർമാണം വേഗത്തിലാക്കാൻ ആവശ്യമുയരുമ്പോൾ നഷ്ടപരിഹാര പ്രശ്‌നം നീണ്ടുപോകുന്നത് വിരോധാഭാസമാണെന്ന് ഭൂമി വിട്ടുനൽകിയവർ പറയുന്നു. തുക ലഭിക്കാൻ എൽ.എ എൻ.എച്ചിന്റെ ഓഫീസ് കയറിയിടങ്ങേണ്ട ഗതികേടാണ് ഇവർ സഹിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ മാത്രമെ നിർമാണ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയൂവെന്നാണ് നിർമാണ കമ്പനി അധികൃതർ പറയുന്നത്.

Latest News