VIDEO - കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നു, ജാക്കി തകരാറായതെന്ന് ഊരാളുങ്കല്‍

കോഴിക്കോട്- നിര്‍മാണത്തിലിരിക്കുന്ന  കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നു. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് കോണ്‍ക്രീറ്റ് ബീം തകര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് ബീം തകര്‍ന്നിരിക്കുന്നത്.
അതിനിടെ ബീം ചരിഞ്ഞതാണെന്നും  ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളില്‍ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്നും നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ അറിയിച്ചു. നിര്‍മാണത്തകരാറോ അശ്രദ്ധയൊ അല്ല, മറിച്ച് നിര്‍മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാര്‍ മാത്രമാണ് സംഭവിച്ചതെന്ന് ഊരാളുങ്കല്‍ വ്യക്തമാക്കി

മുന്‍കൂട്ടി വാര്‍ക്കുന്ന ബീമുകള്‍  തൂണിനു മുകളിലുള്ള ബെയറിങ്ങിനു മുകളിലാണ് ഉറപ്പിക്കുന്നത് അതിനായി ബീം ഉയര്‍ത്തിനിര്‍ത്തും.  തുടര്‍ന്ന് അതിനടിയില്‍ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്‌റ്റ്രെസ്സിങ്ങും ചെയ്യും. ശേഷം ബീം മെല്ലെ താഴ്ത്തി ഇതിന് മുകളില്‍ ഉറപ്പിക്കും. ഇതാണ് രീതി. ജാക്കികള്‍ ഉപയോഗിച്ചാണ്  ബീം ഉയര്‍ത്തി നിര്‍ത്തുന്നത്. ഇവ പ്രവര്‍ത്തിപ്പിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും. ഇപ്രകാരം ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിര്‍ത്തിയിരുന്ന ജാക്കികളില്‍ ഒന്ന് പ്രവര്‍ത്തിക്കാതാകുകയായിരുന്നു.
ഇതോടെ ആ ബീം മറുവശത്തേക്കു ചരിഞ്ഞു. ഈ നിര്‍മാണത്തില്‍ ഒരു സ്പാനിനെ  താങ്ങിനിര്‍ത്താന്‍ മൂന്നു ബീമുകളാണ് വേണ്ടത്. അതില്‍ ഒരരികിലെ ബീമാണ് ചരിഞ്ഞത്. നടുവിലെ ബീമില്‍ മുട്ടിയിരുന്നതിനാല്‍ നടുവിലെ ബീം ചരിഞ്ഞ് മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണ് മറിഞ്ഞത്. നിര്‍മാണമെല്ലാം തികഞ്ഞ ഗുണമേന്മയോടെതന്നെയാണു നടന്നുവരുന്നതെന്നും ഊരാളുങ്കല്‍ അവകാശപ്പെട്ടു.

 

 

Latest News