ഭിന്നശേഷിയുള്ള കുട്ടിയോട് ക്രൂരത, ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നോട്ടീസ്

ന്യൂദല്‍ഹി - ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയെ കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചയില്‍ വ്യോമയാന അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.  ഇന്‍ഡിഗോക്ക് ഇത് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇന്‍ഡിഗോ യാത്രക്കാരോട് അനുചിതമായാണ് പെരുമാറിയതെന്ന് റാഞ്ചി വിമാനത്താവളത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു.

'കമ്മിറ്റിയുടെ പ്രഥമദൃഷ്ട്യായുള്ള കണ്ടെത്തലുകള്‍ ഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരെ അനുചിതമായി കൈകാര്യം ചെയ്യുന്നതായി സൂചിപ്പിക്കുന്നു, അതുവഴി ബാധകമായ ചട്ടങ്ങളുമായി ചില പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ട്- അന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഡിജിസിഎ പറഞ്ഞു.

'ഇത് കണക്കിലെടുത്ത്, ബന്ധപ്പെട്ട വിമാനക്കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു... അവരുടെ വാദങ്ങള്‍ കേട്ട ശേഷം നിയമാനുസൃതമായ ഉചിതമായ നടപടി സ്വീകരിക്കും- ഡിജിസിഎ പറഞ്ഞു. വിശദീകരണം നല്‍കാന്‍ എയര്‍ലൈന്‍സിന് 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

വിഷയത്തില്‍ ഡിജിസിഎയുടെ പ്രതികരണം ലഭിച്ചുവെന്നും തക്കസമയത്ത് പ്രതികരിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.

കുട്ടി പരിഭ്രാന്തിയിലാണെന്നും മറ്റ് യാത്രക്കാര്‍ക്ക് ഭീഷണിയാണെന്നും പറഞ്ഞ് ഇന്‍ഡിഗോ കുട്ടിയെയും കുടുംബത്തെയും വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാത്തതാണ് വിവാദമായത്.

 

 

Latest News