മഴ മഴ കുട കുടയല്ല മഴ വരുമ്പോൾ രോഗ പെരുമഴ

ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തര സ്വഭാവത്തോടെ ആരംഭിക്കണമെന്നതാണ് ഈ അനുഭവങ്ങളെല്ലാം ഓർമിപ്പിക്കുന്നത്. 
പേരിനൊരു ശുചീകരണ പരിപാടി കൊണ്ടൊന്നും കേരളത്തിന്റെ ആരോഗ്യ സാഹചര്യം മാറ്റിയെടുക്കാനാകില്ല. ശുചീകരണ യജ്ഞത്തെക്കുറിച്ചുള്ള വർത്തമാനങ്ങൾ പോലും പരിഹാസ്യമായിട്ടുണ്ട്. ആഘോഷമായി വന്ന് നാല് ഉണങ്ങിയ ഇലയെടുത്ത് വേസ്റ്റ് ബാസ്‌കറ്റിലിട്ടാൽ തീരുന്നതല്ല കേരളം നേരിടുന്ന  വൈറസ് രോഗ വ്യാപന പ്രതിസന്ധി.

കോവിഡ് കാലത്ത് കേരളത്തിന്റെ ആരോഗ്യ രംഗം വേറിട്ട അവസ്ഥയിലായിരുന്നു -പോയ രണ്ടു കൊല്ലം ആളുകൾ അധികമായി വീടിന് പുറത്തില്ലാത്ത, പുറത്തിറങ്ങിയാൽ തന്നെ മാസ്‌കിന്റെ സുരക്ഷയുള്ള കാലമായിരുന്നു. അതുകൊണ്ട് തന്നെ മറ്റു രോഗങ്ങൾക്കും ശമനമുണ്ടായി.  മരുന്നും ചികിത്സയും കുറഞ്ഞ രണ്ട് വർഷം.  കോവിഡാനന്തര മഴക്കാലം ഇതൊന്നുമില്ലാത്ത ഭീതി നിറഞ്ഞ കാലമായി മാറുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മഴക്കാല പൂർവ ശുചീകരണമെന്നത് കേവലം ചടങ്ങായിത്തീർന്നതാണ് അനുഭവം. അക്കാലത്താണ് ഇത്തവണ വർഷകാലം എത്തുന്നത്. മെയ് 22 ന് കാലവർഷം വരുന്നത് പുതുമയാണ്. നേരത്തെ എത്തിയ മഴ എല്ലാ സംവിധാനങ്ങളെയും കീഴ് മേൽ മറിക്കുന്നുണ്ട്. ഭരണ സംവിധാനത്തിന്റെയാകെ ശ്രദ്ധയിപ്പോൾ തൃക്കാക്കരയിലാണ്. ഇടക്കെപ്പോഴെങ്കിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നടത്തുന്ന ഉദ്‌ബോധനങ്ങളിൽ എല്ലാം അവസാനിക്കുകയാണ്.  മഴവെള്ളം  വഴിയരികിലെ മാലിന്യങ്ങളെല്ലാം ജലാശയങ്ങളിലും കുടിവെള്ള  സ്രോതസ്സുകളിലുമെത്തിക്കുന്ന ഭീതിദമായ സാഹചര്യമാണ് നിലവിലുള്ളത്.  എല്ലാ വീടുകളിലും ശുദ്ധജലം എന്നത് ഇന്നും സ്വപ്‌നം മാത്രമാണ്. ജലജന്യ രോഗങ്ങളുടെ വ്യാപനത്തോത് വർധിക്കാൻ മറ്റു കാരണമൊന്നും വേണ്ട. മാലിന്യ സംസ്‌കരണ കാര്യത്തിൽ മലയാളി മനസ്സിൽ ഒരു പരിവർത്തനവും ഇനിയും സാധ്യമായിട്ടില്ല.  മാലിന്യം വലിച്ചെറിയുന്ന വിഷയത്തിലെ സംസ്‌കാര ശൂന്യതക്ക് വലിപ്പച്ചെറുപ്പമില്ല. പൊതു നിരത്തിൽ നടക്കുമ്പോൾ ഒന്നു തുപ്പാനുള്ള സ്ഥലം തേടി നടക്കുന്നവരൊക്കെ ഇന്ന് അന്യം നിന്ന കാഴ്ച മാത്രം.  ഇയാൾക്കെന്തിന്റെ കേടാണെന്ന്  ഇങ്ങനെ തുപ്പാൻ ഇടം തേടുന്നവർ പരിഹസിക്കപ്പെട്ടേക്കാം.   ആഡംബര വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ പൊതിഞ്ഞു കൊണ്ടുവരുന്ന മാലിന്യം ഒരുളുപ്പുമില്ലാതെ റോഡ് സൈഡിൽ വലിച്ചെറിയുന്നത് ചെറുനഗരങ്ങളിൽ പോലും  നിത്യക്കാഴ്ച. വടക്കെ മലബാറിലെ ഒരു പ്രദേശത്ത് ദുർഗന്ധം വമിക്കുന്ന അറവ്  മാലിന്യക്കെട്ട് പാലത്തിൽ നിന്ന് തെളിനീരൊഴുകുന്ന പുഴയിലേക്ക് വലിച്ചെറിയുന്നത് കണ്ടെത്തിയതും വനിതയായ പഞ്ചായത്ത് പ്രസിഡന്റ് അവരെ പിടികൂടി ഫൈനടപ്പിക്കുന്നതും കണ്ട് അതിശയിച്ചിട്ടുണ്ട്.  എത്ര നേരം ആ പ്രസിഡന്റിന് ഇങ്ങനെ വലിച്ചെറിയുന്നവരെ നോക്കിയിരിക്കാനാകും.  കേരളത്തിലെ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളും മാലിന്യ സംസ്‌കരണ വിഷയത്തിൽ ശ്രദ്ധിക്കാത്തതിന് കാരണം പ്രത്യേകമായി അന്വേഷിക്കേണ്ടതില്ല.  ശ്രദ്ധിച്ചിട്ടും കാര്യമില്ലെന്ന് അവരും  തിരിച്ചറിയുന്നു.    ജനങ്ങളുടെ  മനോഭാവം മാറുകയല്ലാതെ മറ്റു  വഴിയൊന്നുമില്ല. ജല സ്രോതസ്സുകൾ ഏത് വിധത്തിൽ വൃത്തിയായി സൂക്ഷിക്കണമെന്ന ധർമപാഠം അറിയാത്തവരല്ല ഇതൊക്കെ ചെയ്യുന്നത്.  മഴക്കാല പൂർവ കാലത്തിന്റെ ആരംഭത്തിൽ തന്നെ പകർച്ചവ്യാധികൾ പലതും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അവയുടെ ലിസ്റ്റ് നീണ്ടതാണ്. കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളിൽ തക്കാളിപ്പനി കണ്ടു തുടങ്ങി. കുട്ടികളിലാണ് ഈ വൈറസ് രോഗം പടരുന്നത്. 
മാരകമല്ലെന്നതാണ് ഭാഗ്യം. ഏത് വൈറസ് രോഗവും എവിടെയും പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിവിശേഷമാണിപ്പോൾ. പോയ മാസങ്ങളിൽ പകർച്ചപ്പനി പിടിപെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് വരും. ഡെങ്കിപ്പനിയും എലിപ്പനിയും മിക്ക ജില്ലകളിലും സ്ഥിരീകരിച്ചു. ഷിഗെല്ല ഭീഷണി എത്ര ഭീകരമാണെന്ന് ഓർമിപ്പിച്ചത് ചെറുവത്തൂരിൽ ഒരു കുട്ടി ഷവർമ കഴിച്ച് മരിച്ച സംഭവമാണ്. കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷ്യ സാമ്പിളുകളിൽ ഷിഗെല്ലക്ക് പുറമെ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കൂടി കണ്ടെത്തിയത് കേരളത്തിന്റെ ആരോഗ്യാവസ്ഥയുടെ സൂചകമായി കാണേണ്ടതാണ്.   പ്രത്യേക സാഹചര്യത്തിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.  ആദ്യ ഘട്ടത്തിൽ നടത്തിയ പരിശോധനയിൽ ഏതാനും കുട്ടികളിൽ ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിച്ചിരുന്നു. നാല് കുട്ടികളുടെ സാമ്പിൾ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലേക്ക് അയച്ചിരുന്നത്. മറ്റു കുട്ടികൾക്കും സമാനമായ അസുഖങ്ങളാണ് റിപ്പോർട്ട് ചെയ്തത് എന്നതിനാൽ ഷിഗെല്ല എല്ലാവരിലും പിടികൂടിയിട്ടുണ്ടാകും എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് വീണ്ടും നടത്തിയ പരിശോധനയിലാണ് ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കൂടി കണ്ടെത്തിയത്. പരിശോധിച്ചാൽ ഇതു തന്നെയാരിക്കും മിക്ക സ്ഥലത്തെയും സ്ഥിതി.  മഞ്ഞപ്പിത്തം, കോളറ എന്നീ മാരക രോഗങ്ങളും വ്യാപിക്കുന്നുണ്ടെന്നതിന് പത്ര വാർത്തകൾ തെളിവാണ്. നിപ വൈറസിന്റെ സാധ്യതയെപ്പറ്റി മുന്നറിയിപ്പ് നൽകിയത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തന്നെയാണ്. വൈറസിന്റെ ഭീകരതയെപ്പറ്റി ആധുനികകാല മലയാളിയെ ഓർമിപ്പിച്ചത് 2018 ൽ പൊട്ടിപ്പുറപ്പെട്ട നിപയായിരുന്നു. ആകെ 23 പേർക്ക് രോഗം വന്നപ്പോൾ രണ്ട് പേർ മാത്രമാണ് ജീവനോടെയിരുന്നത്. എന്തോ മഹാഭാഗ്യത്തിന് നിപ കൂടുതൽ വ്യാപിച്ചില്ല. തൊട്ടുപിന്നാലെ കോവിഡ് മഹാമാരി എല്ലാവരെയും വൈറസ് എന്താണെന്ന് അടിമുടി അനുഭവപ്പിച്ചു. പഠിപ്പിച്ചു.  
ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തര സ്വഭാവത്തോടെ ആരംഭിക്കണമെന്നതാണ് ഈ അനുഭവങ്ങളെല്ലാം ഓർമിപ്പിക്കുന്നത്. 
പേരിനൊരു ശുചീകരണ പരിപാടി കൊണ്ടൊന്നും കേരളത്തിന്റെ ആരോഗ്യ സാഹചര്യം മാറ്റിയെടുക്കാനാകില്ല. ശുചീകരണ യജ്ഞത്തെക്കുറിച്ചുള്ള വർത്തമാനങ്ങൾ പോലും പരിഹാസ്യമായിട്ടുണ്ട്. ആഘോഷമായി വന്ന് നാല് ഉണങ്ങിയ ഇലയെടുത്ത് വേസ്റ്റ് ബാസ്‌കറ്റിലിട്ടാൽ തീരുന്നതല്ല കേരളം നേരിടുന്ന  വൈറസ് രോഗ വ്യാപന പ്രതിസന്ധി. മഴ മഴ കുട കുട എന്നത് കേരളത്തില ഒരു കുടക്കമ്പനിയുടെ ജനമനസ്സ് കീഴടക്കിയ  പരസ്യമായിരുന്നു. ഇന്നിപ്പോൾ ആ വാക്കുകളുടെ സ്ഥാനത്ത് മഴ മഴ രോഗപ്പെരുമഴ എന്നാക്കേണ്ട സ്ഥിതിയാണ്. 

Latest News