സൗഖ്യവും ശിബിരവും

കാറ്റുള്ളപ്പോൾ തൂറ്റുക എന്നാണ് പ്രമാണം. ഒരു ഉപതെരഞ്ഞെടുപ്പെങ്കിലും വരുമ്പോഴല്ലേ, 'അപര'ന്മാർക്ക് ഇറങ്ങി മേയാൻ കഴിയൂ? കേട്ടിടത്തോളം പത്തൊമ്പതു സ്ഥാനാർഥികളാണ് തൃക്കാക്കരയിൽ. കുറേക്കൂടി പ്രതീക്ഷിച്ചിരുന്നു. കമ്മീഷൻ അടിസ്ഥാനത്തിൽ ഇരുപക്ഷത്തും സ്ഥാനാർഥികളെ നിർത്തിക്കൊടുക്കുന്നതിന് ചില വിതരണക്കാരുണ്ട്. പ്രചാരണവും അവർ ഏറ്റെടുക്കും. ശരിക്കും 'ഇവന്റ് മാനേജ്‌മെന്റ്'. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരെ ഈ ഉലകിൽ ആരും കേട്ടിട്ടല്ലാത്ത പേരുകളിൽ അവർ അവതരിക്കും. ഇത്തവണ തൃക്കാക്കരയിൽ എൽ.ഡി.എഫിന്റെ നല്ല കാലത്തിന് ഒരു ഡോക്ടറെ കിട്ടി. പക്ഷേ, അപരനാകൻ വെറും ഒരു 'ഡോക്ടറേറ്റ്' മതി. ആരോഗ്യ വിദഗ്ധൻ വേണ്ട. ഒരു ലക്ഷം രൂപക്കു താഴെ, മിതമായ നിരക്കിൽ ഏതു പൊട്ടനെയും ഡോക്ടറാക്കുന്ന വിദ്യ തലസ്ഥാനത്തും മറ്റു ജില്ലകളിലും പൊടിപൊടിക്കുന്നു.
തൃക്കാക്കരയിൽ മറ്റൊരു ജോമോനും ഡോക്ടറായി. ഇനിയും ആകാം. പക്ഷേ, അതുകൊണ്ട് യു.ഡി.എഫിന്റെ ഉള്ളിലെ തീ അണയുമോ? നേരത്തെ സൂചിപ്പിച്ച പഴമൊഴി കാണാപ്പാഠം പഠിച്ച തോമസ് എതിർ വശത്തെ ക്യാമ്പിലിരുന്ന് പായസമുണ്ണുന്നു. വോട്ടവകാശം കിട്ടിയ കാലം മുതലേ സ്ഥാനമോഹിയാണ്, മോഹിച്ചതെല്ലാം കിട്ടിയിട്ടുമുണ്ട്. പ്രസിഡന്റ് - പ്രധാനമന്ത്രി സ്ഥാനങ്ങൾ മോഹിച്ചുവോ എന്നറിയില്ല. നാൽപതോളം വർഷക്കാലം എം.പി, എമ്മെല്ലേ മന്ത്രിസ്ഥാനങ്ങളിൽ പണിയെടുത്തു ശീലമുണ്ട്. ഇപ്പോൾ പിണറായി എവിടെയുണ്ടോ അവിടെ മാഷുണ്ട്. 'അധികാരിയും അടിയനും കൂടി ആയിരത്തി ഒന്നു രൂപ സംഭാവന' എന്നു പറഞ്ഞതു പോലെയാണ് പ്രമാണിത്തം. അഞ്ചു വോട്ട് ഒറ്റയ്ക്കു പിടിക്കാൻ കഴിയില്ലെന്ന് കുമ്പളങ്ങി മാഷിനെക്കുറിച്ച് സുധാകര ഗുരു. 'കാണാൻ പോകുന്ന പൂരം' പാടി കേൾപ്പിക്കണോ? തൃശൂർ പൂരം അങ്ങട്ട് കൊടിയിറങ്ങിയതേയുള്ളൂ. തൃക്കാക്കരപ്പൂരം കണ്ടിട്ടു പറഞ്ഞാൽ മതി. കെ. റെയിലിന്റെ കല്ലിടൽ നിർത്തിവെച്ചു പോലും മണ്ഡലം പിടിച്ചെടുക്കുന്നതാണ് യുദ്ധ തന്ത്രം. കിടച്ചാൽ ഒരു മല, പോയാൽ ഒരു മീശരോമം. ഇതിനിടയിൽ കുമ്പളങ്ങി മാഷിനെ ആരു തടയാനാ? അടുത്ത കെ. റെയിൽ ചെയർമാൻ സ്ഥാനത്തിന് ഏതു തരം കുപ്പായം ധരിക്കണമെന്നു പറഞ്ഞാൽ മാത്രം മതി. ഖാദി ബോർഡ് പോലും കണ്ണൂരിലെ ചോരച്ചെങ്കതിരോൻ ഭരിച്ചിട്ടുണ്ട്. മാഷ് ചെയർമാനാകുമെന്നും അതല്ല, ഡോക്ടർ ജോമോൻ വീണാൽ പിണറായി മൂലയ്ക്കിരുത്തുമെന്നും രണ്ടഭിപ്രായം കേൾക്കുന്നുണ്ട്. സാരമില്ല, നറുക്കിട്ടെടുക്കാവുന്നതേയുള്ളൂ. രണ്ടായാലും മാഷ് ഇന്നും ചൂണ്ടയിട്ടു മീൻ പിടിക്കാറുണ്ടെന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ആ വഴിക്കു മറ്റു വല്ലതും തടയും. പക്ഷേ, ഒരു മാർഗ തടസ്സം. മാഷ് ഇന്നും കോൺഗ്രസ് മെംബറാണ്. അംഗത്വം കളയാൻ മാഷിനു മനസ്സില്ല. അച്ചടക്ക നടപടിയിലൂടെ പുറത്താക്കാൻ തക്കവണ്ണം മാഷിനു വലിപ്പവുമില്ല. 'ഗ്രാഫ്' നീളുന്തോറും മാഷിനെ കാണണമെങ്കിൽ ഭൂതക്കണ്ണാടി വെച്ചു നോക്കേണ്ടിവരും. സോണിയ ഗാന്ധിക്കു പോലും രാഷ്ട്രീയം ഉപദേശിച്ചിരുന്നത് കുമ്പളങ്ങി മാഷാണെന്നു പി.കെ. ജയരാജൻ പ്രസ്താവിച്ചതു കേട്ടു ഞെട്ടാത്തവരില്ല.  ഉപദേശിച്ചതിന്റെ ഫലം കോൺഗ്രസ് ഇന്ത്യയൊട്ടാകെ അനുഭവിക്കുന്നുണ്ടല്ലോ. 'സേതുവിനു സേതുവിനോടു മാത്രമേ സ്‌നേഹമൂള്ളൂ' എന്ന് എം.ടിയുടെ 'കാലം' എന്ന നോവലിൽ നായകനെക്കുറിച്ച് ഒരു കമന്റുണ്ട്. കുമ്പളങ്ങി മാഷിനും സേതുവിനും തമ്മിൽ എന്തു വ്യത്യാസം. കോൺഗ്രസിൽ നിന്നും പുറത്തായ മാഷിനും വട്ടപ്പൂജ്യത്തിനും തമ്മിൽ എന്ത് വ്യാത്യാസമെന്ന് കുമ്പളങ്ങിക്കാർ ചോദിച്ചു തുടങ്ങി. 

****            ****          ****

'പാർലമെന്ററി' സൗഖ്യം കോൺഗ്രസുകാർക്ക്. കോൺഗ്രസിന് സൗഖ്യവും ഇടതുപക്ഷത്തിനു 'വ്യാമോഹ'വുമാണെന്ന് ചൊല്ല്. അതിൽ തർക്കവുമില്ല. അഞ്ച് നീണ്ട തവണകൾ എം.പിയും മന്ത്രിയുമായി വേണ്ടുവോളം സൗഖ്യമനുഭവിച്ച ദേഹമാണ് കപിൽ സിബൽ എന്ന പഞ്ചാബി വക്കീൽ. കപിലും കുമ്പളങ്ങിയും തമ്മിൽ സാമ്യമുണ്ടോ? ഉണ്ട്, കുമ്പളങ്ങി മൊത്തം ഏഴു തവണ സൗഖ്യം അനുഭവിച്ചു. ജി23 എന്ന അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ഹൈക്കമാന്റിന്റെ വീട്ടിലും പരിസരത്തും -അത്രയും മതി, കോൺഗ്രസായി- മാറ്റം വരുത്താൻ വക്കീൽ പരിശ്രമിക്കുന്നു. 23 കുറഞ്ഞു കുറഞ്ഞു സീറോ ആയാലും വക്കീലിനു പരാതിയില്ല. ജൂൺ മാസത്തിൽ പത്തു സംസ്ഥാനങ്ങളിലായി 57 രാജ്യസഭ സീറ്റുകളിലാണ് ഒഴിവു നികത്തൽ മത്സരം. വക്കീലിനെ അതൊന്നും തീണ്ടിയിട്ടില്ല (?) അങ്ങോർക്ക് ഈ വാരത്തിലെ 'ചിന്തൻ ശിബിര'ത്തിൽ കടന്നിരിക്കാൻ അശേഷം മോഹമില്ലത്രേ! ശ്ശെ; ഇങ്ങനെയും കോൺഗ്രസുകാരുണ്ടോ? ഒന്നു ഡോക്ടറെ കാണിക്കണം. ബോൽപുരി, ബിരിയാണി (പൂരി) മസാല ഇത്യാദികൾ ഇങ്ങനെ വെറുക്കാമോ? മറ്റൊന്നും അവിടെ നടക്കില്ല. എന്നിട്ടും നേതാക്കൾ പലരും മുൻകൂട്ടി പറന്നെത്തുന്നു. 
ചിന്തൻ ശിബിരത്തിൽ ചിന്തിക്കാൻ കഴിവുള്ളവർ ചുരുക്കമാണെന്നു വക്കീൽ ദിവ്യദൃഷ്ടി കൊണ്ടു തിരിച്ചറിഞ്ഞോ? ശിബിരം കഴിഞ്ഞാൽ അത്താഴം. അതു കഴിഞ്ഞാൽ കൂർക്കംവലി. ഇനി പുതിയ കോൺഗ്രസാണെന്നു കെ.സി. വേണുഗോപാൽ പത്രദ്വാരാ വിളമ്പിയിട്ടുണ്ട്. പുതിയ കെ.സിയല്ലേ? പഴയ കെ.സി. ജോസഫ്  ഇത്രയും അബദ്ധം പറഞ്ഞിട്ടില്ല. വനിതകൾക്കു 50 ശതമാനം സംവരണം, പിന്നോക്ക ദളിതർക്ക് 21 ശതമാനം, അങ്ങനെ പോകുന്നു കെ.സി മൊഴികൾ. ഇതു കേട്ടാൽ സർക്കാരുദ്യോഗത്തിന്റെ വിജ്ഞാപനമാണെന്നു ധരിച്ച് തൊഴിൽ രഹിതർ പാഞ്ഞു കയറുമെന്നാണ് മനസ്സിലിരിപ്പ്. നടപ്പില്ല, കോൺഗ്രസിനെ അവർക്കറിയാം. അതാണല്ലോ മണ്ണും ചാരിനിന്ന മറ്റൊരു കക്ഷി ഭരണം കൊണ്ടുപോയത്! ഏതായാലും കപിൽ സിബൽ വക്കീലിന്റെ ഉള്ളിൽ രാജ്യസഭാ മോഹം മൊട്ടിട്ടുവോ, വാടിക്കരിഞ്ഞോ എന്നുള്ള കാര്യം വരുംദിവസങ്ങളിൽ അറിയാം. പാർട്ടിയിൽനിന്നും പുറത്താക്കണമെന്നു ശ്ശി നിർബന്ധമാണെങ്കിൽ അതും ആകാമെന്നാണ് വക്കീലിന്റെ ഉള്ളിലിരിപ്പ്. നടിയെ ആക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നുവെന്നു കേട്ടതു പോലെ, വക്കീലിന്റെ മനോഗതം എങ്ങനെ കുമ്പളങ്ങി അടിച്ചെടുത്തു?

****             ****          ****  
നിപ പ്രതിരോധ പ്രവർത്തനം നല്ലതാണ്; ആക്ഷൻ പ്ലാൻ അതിലേറെ നല്ലത്. പക്ഷേ അതിന് വിവിധ വകുപ്പുകളുടെ ഏകോപനമെന്തിനാണ്? ആരോഗ്യം, മൃഗസംരക്ഷണം, വനം, റവന്യൂ തുടങ്ങിയവയെ ഒറ്റ മുറിക്കകത്തു ഇരുത്താനാണ് പ്ലാൻ. മോങ്ങാനിരുന്ന ഒരു ജന്തുവിന്റെ തലയിൽ, മുകളിൽ നിന്ന് എന്തോ വന്നു വീണെന്നു പറഞ്ഞതുപോലെ ആകാതിരുന്നാൽ മതി. ഇടതുമുന്നണിയിൽ നിപ വൈറസ് ബാധിക്കാതെ നോക്കണമല്ലോ. വനം കൊച്ചേട്ടന്റെ കൈയിൽ; മൃഗസംരക്ഷണവും റവന്യൂവും തഥൈവ. ചുരുക്കത്തിൽ സി.പി.ഐക്ക് വീണ്ടും വല്യേട്ടന്റെ മേൽ കുതിര കയറാനുള്ള വഴി ആരോഗ്യ മന്ത്രി തന്നെ ഓപൺ ചെയ്തിരിക്കുന്നു. കുറച്ചു ദിവസം മൗനവ്രതത്തിലായിരുന്ന കാനം സഖാവ് വാതുറക്കാൻ നേരമായി. ലയനം പ്രതീക്ഷിച്ചു കഴിയുന്ന സഖാവിന് 'ഏകോപന'മെന്നു കേട്ടാൽ രസിക്കുമോ? സഖാവിന്റെ വിമർശനം ഭയന്നല്ലേ, തൃക്കാക്കര കടക്കും വരെ കെ. റെയിലിന്റെ കുറ്റിയടി മഹോത്സവം നീട്ടിവെച്ചത്? നമ്മുടെ കൊച്ചുമന്ത്രിമാരെയൊന്നു വിളിച്ച് ഏകോപിപ്പിക്കണ്ട.

****           ****          ****
ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ലെന്നു ധനമന്ത്രി. ട്രാൻസ്‌പോർട്ട് കോർപറേഷൻ ഒഴികെ എന്ന് ഒരു തിരുത്ത് ന്യായമായും വേണ്ടതാണ്. വാർത്ത കെട്ടിച്ചമച്ചതാണെന്നോ മാധ്യമ സൃഷ്ടിയാണെന്നോ പറയാൻ മറന്നുപോയതാകാം. തൃക്കാക്കര മുന്നിൽ കണ്ട് ആശങ്ക സൃഷ്ടിക്കാനുള്ള ചിലരുടെ പ്രചാരണമാണത്രേ! പോരാ, ധനമന്ത്രി ഇത്ര പിശുക്ക് കാട്ടരുത്. പ്രതിപക്ഷത്തിന്റെ പിടലിക്കു തന്നെ കൊടുക്കണം. 

Latest News