ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗമെന്ന് അവകാശവാദം, പ്രദേശം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവ്

വാരണാസി-കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍  കോടതി നിര്‍ദേശിച്ച വീഡിയോഗ്രാഫി സര്‍വേ അവസാനിച്ചപ്പോള്‍ സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയതായി കേസിലെ ഹിന്ദു ഹരജിക്കാരനായ സോഹന്‍ ലാല്‍ ആര്യ അവകാശപ്പെട്ടു.
തങ്ങള്‍ക്ക് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതായാണ് മസ്ജിദ് സര്‍വേക്കായി കോടതി കമ്മീഷനെ അനുഗമിച്ച ആര്യ അവകാശപ്പെട്ടത്.
കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ 'ഹര്‍ ഹര്‍ മഹാവ്‌ദേവ്' എന്ന മുദ്രാവാക്യം പള്ളി പരിസരത്ത് പ്രതിധ്വനിച്ചതായും അദ്ദേഹം പറഞ്ഞു. പള്ളി അധികൃതരുടെ എതിര്‍പ്പ് അവഗണിച്ച് സര്‍വേ തുടരണമെന്ന വാരാണസി സിവില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍വേ നടത്തിയത്.
ശിവലിംഗം കണ്ടെത്തിയ പ്രദേശം അടച്ചുപൂട്ടാനും ആളുകള്‍ ആ സ്ഥലത്തേക്ക് പോകുന്നത് തടയാനും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മയോട് വാരണാസി കോടതി ഉത്തരവിട്ടു.
സീല്‍ ചെയ്ത പ്രദേശത്തിന്റെ സുരക്ഷാ ചുമതല ജില്ലാ മജിസ്‌ട്രേറ്റ്,  പോലീസ് കമ്മീഷണര്‍, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) കമാന്‍ഡന്റ് എന്നിവര്‍ക്കായിരിക്കുമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

സമുച്ചയത്തിന്റെ സര്‍വേയും വീഡിയോഗ്രാഫിയും നടത്താനാണ്  സിവില്‍ കോടതി  നേരത്തെ കമ്മീഷണറെ നിയോഗിച്ചിരുന്നത്. ഇത് അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഏപ്രില്‍ 21 ന് അപ്പീല്‍ തള്ളപ്പെട്ടു.

ഗ്യാന്‍ വാപി മസ്ജിദ് പരിസരത്ത് സ്ഥിതി ചെയ്യുന്നതായി അവകാശപ്പെടുന്ന ശൃംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യപൂജയ്ക്ക് അനുമതി തേടി അഞ്ച് സ്ത്രീകളാണ് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
മുഴുവന്‍ സ്ഥലവും കാശി വിശ്വനാഥ ക്ഷേത്രത്തിന്റേതാണെന്നും മസ്ജിദ് ക്ഷേത്ര സമുച്ചയത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും 1991 മുതല്‍ കേസ് കോടതിയില്‍ കെട്ടിക്കിടക്കുകയാണെന്നും വിജയ് ശങ്കര്‍ റസ്‌തോഗി സമര്‍പ്പിച്ച മറ്റൊരു ഹരജിയില്‍ വാദിച്ചിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണെന്നും മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ക്ഷേത്രം തകര്‍ത്തതാണെന്നും റസ്‌തോഗി അവകാശപ്പെട്ടിരുന്നു.
തടസ്സങ്ങളില്ലാതെയാണ് സര്‍വേ നടത്തിയതെന്ന് വാരാണസിയില്‍ കോടതി നിയോഗിച്ച സ്‌പെഷ്യല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഡ്വ.വിശാല്‍ സിംഗ് പറഞ്ഞു.

മൂന്ന് ദിവസത്തെ സര്‍വേയില്‍ സഹകരിച്ചതിന് കാശിയിലെ ജനങ്ങള്‍ക്ക് വാരണാസി പോലീസ് കമ്മീഷണര്‍ സതീഷ് ഗണേഷ് നന്ദി പറഞ്ഞു.

 

Latest News