കൊച്ചി- വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. വെണ്ണലയിലെ മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞ സമാപന പരിപാടിയിൽ പ്രസംഗിക്കുമ്പോൾ മുസ്ലിംകൾക്കെതിരെ പ്രകോപന പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്.
ശബ്‌ദരേഖയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വീഡിയോ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്റ നപടിയെന്നും ജാമ്യം വേണമെന്നുമാണ് പി.സി.ജോർജിന്റെ ആവശ്യം. കേസിൽ അറസ്റ്റു തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി.സി.ജോർജിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
നേരത്തെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുക്കവെ വർഗീയ പരാമർശം നടത്തിയതിന് തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്ത് പി.സി. ജോർജിനെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റു രേഖപ്പെടുത്തി മണിക്കൂറുകൾക്കകം കോടതി ജാമ്യത്തിൽ വിടുകയായിരുന്നു.