Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി; ഇനി ജി.പി.എസ് സര്‍വേയെന്ന് സൂചന

തിരുവനന്തപുരം- സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അതിര്‍ത്തി നിര്‍ണയിക്കാന്‍ കല്ലിടുന്നത് നിര്‍ത്തി. കെ. റെയില്‍ കോര്‍പറേഷന്‍ കല്ലിടുന്നതിനെതിരെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.  സര്‍വേക്കായി ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. കല്ലിടുന്നതു സംബന്ധിച്ച് റവന്യൂ വകുപ്പ് പുതിയ കത്തയച്ചത്.

 ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാമെന്ന് കെ–റെയിൽ മാനേജിംഗ് ഡയറക്ടർ ഈ മാസം അഞ്ചിനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു റവന്യു അഡിഷനൽ ചീഫ് സെക്രട്ടറി ഔദ്യോഗിക നിർദേശം. 

പദ്ധതിയുടെ അലൈൻമെന്റ് നേരത്തെ ലിഡാർ സർവേ ഉപയോഗിച്ചു നിർണയിച്ചതാണെന്നും അതിനാൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിർത്തി നിർണയിക്കാമെന്നുമാണ് കെ–റെയിൽ റവന്യു വകുപ്പിനെ അറിയിച്ചത്. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിർത്തിനിർണയം നടത്താനും സ്ഥിരം നിർമിതികൾ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിർദേശിച്ചു.

സാമൂഹിക ആഘാത പഠനം നടത്തുന്ന സംഘങ്ങൾക്ക് സ്ഥലം തിരിച്ചറിയാനും അലൈൻമെന്റ് മനസിലാക്കാനും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം സംവിധാനം ഉള്ള സർവേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈൽ ഫോണുകളോ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ലാൻഡ് റവന്യു കമ്മിഷണർമാർക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കലക്ടർമാർക്കും കത്തിന്റെ വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട. റെയിൽവേ ബോർഡിൽ നിന്ന് പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുമ്പോൾ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടർന്നു സർവേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിക്കായി 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സിൽവര്‍ലൈനിന്റെ ആകെ ദൂരം 530 കിലോമീറ്ററാണ്. ഇതിൽ 190 കിലോമീറ്ററിലാണ് കല്ലിടൽപൂർത്തിയായത്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേയ്ക്കും തിരിച്ചും 4 മണിക്കൂറിൽ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

 

Latest News