പട്‌ന- ബിഹാറിലെ ഭഗല്‍പുരിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വനി കുമാര്‍ ചൗബെയുടെ മകന്‍ അരിജിത് ശാശ്വത് പോലീസില്‍ കീഴടങ്ങി. ശാശ്വതിന്റെ ജാമ്യപേക്ഷ ഭാഗല്‍പൂര്‍ കോടതി തള്ളിയതിനു പിന്നെലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തതാണെന്ന് പോലീസും കീഴടങ്ങിയതാണെന്ന് അശ്വനി കുമാറിന്റെ ബന്ധുക്കളും പറയുന്നു.
പട്‌നയിലെ മഹാവീര്‍ ക്ഷേത്രത്തിനു സമീപം വെച്ച് ശനിയാഴ്ച രാത്രിയായിരുന്നു കീഴടങ്ങല്‍. എസ്.എസ്.പി രാകേഷ് ദുബെയാണ് ശാശ്വതിനെ കസ്റ്റഡിയിലെടുത്തത്. ശാശ്വതിനെ ഭാഗല്‍പുരിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ഗാര്‍ഡിനര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി.
ഭഗല്‍പുരില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ റാലിക്കു പിന്നാലെയാണ് വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തത്. അരിജിത് ശ്വശാന്തിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി, ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹിന്ദു പുതുവര്‍ഷറാലി നടത്തിയത്. ബൈക്ക് റാലി മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് എത്തിയപ്പോള്‍ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. അരിജിതിനെ അറസ്റ്റ് ചെയ്യാന്‍ വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.






