Sorry, you need to enable JavaScript to visit this website.

മഴ: പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
  • അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാവേണ്ടതാണ്.
  • സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാവണം.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wpcontent/uploads/2020/07/EmergencyKit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. 
  • റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wpcontent/uploads/2021/05/orangebook_2021.pdf ഈ ലിങ്കിൽ ലഭ്യമാണ്.
  • കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.
  • 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽമണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറി താമസിക്കണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ ഏകോപനത്തോടെ പ്രവർത്തിക്കാനും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമായിരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Latest News