Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാത്രി വീടുകളില്‍ ഒളിഞ്ഞുനോട്ടവും  മോഷണവും  പതിവാക്കിയ ബ്ലാക്ക് മാനെ  പോലീസ്  പൊക്കി 

കോഴിക്കോട്: ഇരുട്ടിന്റെ മറവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തുനിന്നും ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂര്‍ പോലീസും ചേര്‍ന്നു പിടികൂടി. ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശിയും ഇപ്പോള്‍ കൂടത്തുംപൊയിലിലെ വാടകവീട്ടില്‍ രഹസ്യമായി താമസിച്ചുവരികയുമായിരുന്ന ഹ്യൂണ്ടായ് അനസ് എന്ന പേരില്‍ കുപ്രസിദ്ധനായ അനസാണു പിടിയിലായത്. ഇയാള്‍ ബ്ലാക്ക് മാന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരുവര്‍ഷമായി അന്വേഷണം നടത്തിവരുന്ന കേസുകളുള്‍പ്പെടെ നിരവധി കേസുകള്‍ക്ക് ഇതോടെ തുമ്പുണ്ടായി. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങള്‍ കവര്‍ന്നു വീടിന്റെ ടെറസില്‍ ഉപേക്ഷിച്ച കേസില്‍ ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ആഴ്ച എലത്തൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തിയതോടെ സിറ്റി ക്രൈം സ്‌ക്വാഡിന്റെ പിടിയിലാകുകയായിരുന്നു. മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍, പന്നിയങ്കര, നല്ലളം, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, പന്തീരാങ്കാവ് എന്നീ സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.
പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒളവണ്ണയില്‍ തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ വള മോഷ്ടിച്ചതുള്‍പ്പെടെ പന്തീരങ്കാവ്, മാവൂര്‍, എലത്തൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ അന്വേഷണം നടക്കുന്ന കേസുകളിലും പ്രതി കുറ്റസമ്മതം നടത്തി. വര്‍ഷങ്ങളായി രാത്രിസമയത്ത് ഇറങ്ങിനടന്ന് വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്കു നയിച്ചത്. മോഷ്ടിച്ച സ്വര്‍ണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്.
ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതോടൊപ്പം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന പ്രതി ഫോണ്‍ വഴിയിലുപേക്ഷിക്കുകയും ദീര്‍ഘദൂര വാഹനങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുകയുമാണു ചെയ്യാറുള്ളത്. പോലീസ് പിടിക്കാതിരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് കക്കോടി കൂടത്തുംപൊയിലില്‍ വാടകയ്ക്കു വീടെടുത്ത് രഹസ്യമായി കഴിഞ്ഞു വരികയായിരുന്നു. പകല്‍സമയത്ത് പുറത്തിറങ്ങാതെ രാത്രി ഇരുട്ടിന്റെ മറവില്‍ മാത്രം പുറത്തിറങ്ങുന്നതിനാല്‍ ഇയാളെപ്പറ്റി അയല്‍വാസികള്‍ക്കു പോലും അറിവുണ്ടായിരുന്നില്ല. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണു കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്.

Latest News