കൽപറ്റ- വയനാട്ടിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പൂക്കോട് തടാകത്തിനടുത്ത് കോഴിക്കോട് കല്ലായിക്കാരൻ കരിമാടത്ത് മുഹമ്മദ് ഷാഫി സ്ഥാപിച്ച ഗ്രാമഫോൺ മ്യൂസിയത്തിനു പഴമയുടെ പകിട്ട്. ഷാഫിയുടെ പതിറ്റാണ്ടുകൾ നീണ്ട അധ്വാനത്തിന്റെ ഫലമാണ് മ്യൂസിയത്തെ ധന്യമാക്കുന്നത്. 1856 നും 1950 നും ഇടയിൽ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗ്രാമഫോൺ ഇനങ്ങളിൽ പലതും ഷാഫിയുടെ ശേഖരത്തിലുണ്ട്. സിംഫൺ, കോർഡർ, ബോക്സ്, സ്യൂട്ട്കെയ്സ്, മിക്കി, ജിപ്സി...ഇങ്ങനെ നീളുന്നതാണ് മ്യൂസിയത്തിലെ ഗ്രാമഫോൺ ഇനങ്ങളുടെ നിര. സ്പ്രിംഗ് രഹിത ഗ്രാമഫോണും മറ്റൊരു ആകർഷണമാണ്.
ലോകത്തിൽ ഇറങ്ങിയതിൽ ഏറ്റവും വലുതാണ് മിക്കി ഗ്രാമഫോൺ. ഏറ്റവും ചെറുതാണ് ജിപ്സി. റെക്കോർഡ് പ്ലയർ, വാൽവ് റേഡിയോ, മാജിക് ലാംപ്, മുപ്പത്തിനായിരത്തോളം ഡിസ്കുകൾ, പെഡൽ ഹാർമോണിയം, പണ്ടത്തെ സിനിമ പ്രൊജക്ടർ, സ്പോട്ട് ടൈപ്പ് റെക്കോർഡിംഗ് സിസ്റ്റം, ബയോബ്ലി റേഡിയോ തുടങ്ങിയവയും മ്യൂസിയത്തെ അലങ്കരിക്കുന്ന സാമഗ്രികളാണ്. ഇപ്പോഴും പ്രവർത്തിക്കുന്നതാണ് 1947ൽ ഓൾ ഇന്ത്യ റേഡിയോ സംപ്രേഷണം ചെയ്ത ഗാന്ധിജിയുടെ പ്രസംഗം റെക്കോർഡ് ചെയ്ത ഡിസ്ക്.
മ്യൂസിയത്തിലെ സാമഗ്രികളിൽ പലതും പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള നൈപുണ്യവും ഷാഫിക്കുണ്ട്.
മ്യൂസിയത്തിൽ പ്രവേശനത്തിന് ഫീസില്ല. എന്നാൽ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കായി പെട്ടി സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് ഭീതി ഒരളവോളം ഒഴിഞ്ഞ സാഹചര്യത്തിൽ ദിവസവും നിരവധി സന്ദർശകരാണ് മ്യൂസിയത്തിൽ എത്തുന്നത്. മണിക്കൂറുകൾക്കു ശേഷമാണ് ഇവരിൽ പലരുടെയും മടക്കം. വിവിധ ദേശങ്ങളിൽനിന്ന് പണം നൽകി തേടിപ്പിടിച്ചതാണ് മ്യൂസിയത്തിലെ സാമഗ്രികളിൽ പലതും. മ്യൂസിയം പ്രവർത്തിപ്പിക്കുന്നതിനെ സമൂഹിക സേവനമായാണ് അദ്ദേഹം കാണുന്നത്.
സന്ദർശകരുടെ മിഴികളിൽ വിരിയുന്ന വിസ്മയം പ്രഭാപൂരിതമാക്കുകയാണ് ഷാഫിയുടെ മനസ്സിനെ.






