Sorry, you need to enable JavaScript to visit this website.

ഡി.എന്‍.എ ഫലം അനുകൂലമായില്ല, പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ 24 കാരനെ വെറുതെ വിട്ടു

മുംബൈ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 24 കാരനെ കോടതി വെറുതെ വിട്ടു. പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതാവ് ആരോപണ വിധേയനായ യുവാവല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് യുവാവിനെ പോക്സോ കോടതി വെറുതെ വിട്ടത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായി ഏഴ് മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം നടന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ എടുത്ത കാലതാമസവും ഡിഎന്‍എ റിപ്പോര്‍ട്ടും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ കേസില്‍ കുടുക്കിയതായാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് പോക്‌സോ കോടതി നിരീക്ഷിച്ചു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി വ്യക്തമാക്കി.

സംഭവം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് പെണ്‍കുട്ടിയുമായി ബന്ധമില്ലായിരുന്നെന്നും കുടുക്കിയതാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്ന് മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി യുവാവിന്റെ പേര് പറഞ്ഞു. മൂന്ന് വര്‍ഷമായി അടുപ്പത്തിലാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

 

Latest News