Sorry, you need to enable JavaScript to visit this website.

ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

കൊച്ചി- ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിലാണ് കേരളത്തില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയത്. ക്ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്റി ട്വന്റിക്കും ആം ആദ്മിക്കുമൊപ്പം നില്‍ക്കണമെന്ന് കെജ്രിവാള്‍ ആഹ്വാനം ചെയ്തു.

രാജ്യത്ത് ആം ആദ്മി പാര്‍ട്ടി വളരുന്നത് അതിവേഗമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മിയുടെ വളര്‍ച്ച ഒരു മാജിക്കാണ്. ദല്‍ഹിയില്‍ മൂന്നുവട്ടം സര്‍ക്കാരുണ്ടാക്കി. പഞ്ചാബിലും നേട്ടമുണ്ടാക്കി. ദല്‍ഹിയും പഞ്ചാബും പിടിക്കാമെങ്കില്‍ കേരളത്തിലും ആം ആദ്മി പാര്‍ട്ടി വരും. ജനങ്ങള്‍ക്ക് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ നാല് രാഷ്ട്രീയ സഖ്യങ്ങളാണുള്ളത്. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ, ഞങ്ങളുടെ സഖ്യം ജനക്ഷേമ സഖ്യം എന്നറിയപ്പെടുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ദല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കെജ്രിവാള്‍ എണ്ണിപ്പറഞ്ഞു. ദല്‍ഹി സര്‍ക്കാര്‍ സൗജന്യമായാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. സൗജന്യ വൈദ്യുതി എല്ലാവര്‍ക്കും നല്‍കുന്നതിനാല്‍ അവിടെയുള്ള ഇന്‍വേര്‍ട്ടര്‍, ജനറേറ്റര്‍ കടകള്‍ അടച്ചുപൂട്ടി. പൂജ്യം രൂപയുടെ ബില്ലാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി വേണ്ടേ എന്ന് അദ്ദേഹം ചോദിച്ചു.

ലോകത്തെ ഒന്നാം നമ്പര്‍ രാഷ്ട്രമായി ഇന്ത്യയെ നയിക്കുക എന്നതാണ് തന്റെ ജീവിതലക്ഷ്യം എന്ന് പറഞ്ഞ കെജ്രിവാള്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. സാബു എം ജേക്കബും ട്വന്റി ട്വന്റിയും ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ വളരെയധികം പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News