ഗുരുഗ്രാം- പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്തയാളെ അമ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏൽപിച്ചു.
ബാദ്ഷാപൂർ പ്രദേശത്താണ് അഞ്ച് വയസ്സിന് താഴെയുള്ള രണ്ട് സഹോദരിമാരെ 25 കാരൻ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കെട്ടിടങ്ങൾക്ക് വൈറ്റ് വാഷ് ചെയ്യുന്ന ഉത്തർപ്രദേശിലെ ബിജ്നോറിൽ ദിവസക്കൂലിക്കാരനായ ആദിലാണ് അറസ്റ്റിലായത്.
വാടകവീടിനടുത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളെ ചോക്ളേറ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതി പ്രലോഭിമ്പ്പിച്ച് വീട്ടിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയത്. പെൺകുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പെൺകുട്ടികളുടെ അമ്മയാണ് ഇയാളുടെ മുറിയിലെത്തി പിടികൂടിയത്ബ. ബഹളം കേട്ട് തടിച്ചുകൂടിയവർ കൈകാര്യം ചെയ്ത ശേഷമാണ് പ്രതിയെ പോലീസിൽ ഏൽപ്പിച്ചുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വികാസ് കൗശിക് പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രക്തസ്രാവമുണ്ടായ പെൺകുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരവും (പോക്സോ) പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
പെൺകുട്ടികളുടെ പിതാവിന്റെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എസി.പി പറഞ്ഞു.