മർദിക്കുന്ന ഭർത്താവിനെ കൊന്നു; യുവതിയും കാമുകനും പിടിയിൽ

ന്യൂദൽഹി- യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയേയും കാമുകനേയും ദൽഹി പോലീസ് അറസ്റ്റ് ചെയ്തു.  സ്വർണലി ഘോഷും കാമുകൻ മോഹൻപാലുമാണ് അറസ്റ്റിലായതെന്നും ഇവരുടെ വീട്ടിൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. 
വീട്ടിൽ ഒരാൾ അബോധാവസ്ഥയിലായ കിടക്കുന്നുവെന്ന വിവരമാണ് കൽക്കാജി പോലീസ് കൺട്രോൾ റൂമിൽ ലഭിച്ചിരുന്നത്.   സംഭവസ്ഥലത്തെത്തിയ പോലീസ് കട്ടിലിൽ കഴുത്തിൽ കുത്തേറ്റ നിലയിൽ കിടക്കുന്നയാളെ കണ്ടെത്തി. 
കുറ്റവാളികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചാണ് പോലീസ്  അന്വേഷണം നടത്തിയത്. സിസിടിവി ക്യാമറകളും മരിച്ചയാളുടെ ഭാര്യ സ്വർണലി ഘോഷിന്റെ കോൾ റെക്കോർഡുകളും ശേഖരിച്ച ശേഷമാണ് യുവതിയെ ചോദ്യം ചെയ്തത്.  പോലീസ് ഏറെ നേരം ചോദ്യം ചെയ്തതിനുശേഷമാണ് ഭാര്യ കുറ്റം സമ്മതിച്ചത്. 

കാമുകന്റെ സഹായത്തോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി. തുടർന്ന് പോലീസ് കാമുകന്റെ ഫോൺ ലൊക്കേഷൻ കണ്ടെത്തി. പശ്ചിമ ബംഗാളിലെ സിലിഗുരിയിലേക്ക് പോകുന്നതിനിടെ സാകേതിലെ സെലക്ട് സിറ്റി മാളിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാളുമ കുറ്റം സമ്മതിച്ചു. കൊല നടത്തുമ്പോൾ ഇവർ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി മോഹൻപാലുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്വർണലി പറഞ്ഞു. ഭർത്താവ് തന്നെ സ്ഥിരമായി മർദിച്ചതിനെ തുടർന്നാണ്  കൊല്ലാൻ പദ്ധതിയിട്ടതെന്നും യുവതി പറഞ്ഞു. 

മാക്‌സ് ഹോസ്പിറ്റലിലും പുഷ്പാവതി സിംഘാനിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (പിഎസ്ആർഐ)  സ്വർണലിയും മോഹൻപാലും ജോലി ചെയ്തിരുന്നു. 

Latest News