കറിയില്‍ ഉപ്പ് കൂടിയതിന് തല മൊട്ടയടിച്ചു; പരാതിയുമായി യുവതി പോലീസില്‍

അഹമ്മദാബാദ്- കറിയില്‍ ഉപ്പ് കൂടിയതിനെ  ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ തലമൊട്ടയടിച്ചുവെന്നും മര്‍ദിച്ചുവെന്നും ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍.
27 കാരനാണ് 28 കാരിയായ ഭാര്യയുടെ തല മൊട്ടയടിച്ചതും ശാരീരികമായി ഉപദ്രവിച്ചതും.ഗുജറാത്തിലാണ് സംഭവം.
നഗരത്തിലെ ഇന്‍സാനിയത് നഗര്‍ ഫ് ളറ്റിലെ താമസക്കാരിയായ റിസ്‌വാന ഷെയ്ഖാണ്  കൂലിപ്പണി ചെയ്യുന്ന ഭര്‍ത്താവ് ഇമ്രാന്‍ ഷെയ്ഖിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. എട്ട് വര്‍ഷം മുമ്പ് ഇമ്രാനെ വിവാഹം ചെയത് റിസ്‌വാന വത്വ പോലീസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. മെയ് എട്ടിനാണ് സംഭവമെങ്കിലും ഭര്‍ത്താവിനെ ഭയന്നാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്ന് യുവതി പറയുന്നു.

മെയ് എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇമ്രാന്‍ ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയപ്പോള്‍  ചപ്പാത്തിയും കറിയുമാണ് വിളമ്പിയത്. രുചി ഇഷ്ടപ്പെടാത്ത ഇമ്രാന്‍ ഭക്ഷണത്തില്‍ അധിക ഉപ്പ് ചേര്‍ത്തതിന് ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. മറ്റെന്തെങ്കിലും ഉണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും അസഭ്യം പറയുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിക്കരുതെന്ന്  ആവശ്യപ്പെട്ടപ്പോള്‍ വടികൊണ്ട് അടിക്കാന്‍ തുടങ്ങി. നിര്‍ത്തിയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ചുറ്റും നോക്കി റേസര്‍ കൈയിലെടുക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പ് ബലമായി പിടിച്ച് തല  ഷേവ് ചെയ്യാന്‍ തുടങ്ങി- റിസ് വാന പോലീസിനോട് പറഞ്ഞു.  
യുവതിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ വീട്ടിലെത്തി ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കാന്‍ ഉപദേശിച്ചുവെങ്കിലും താന്‍ വിസമ്മതിച്ചുവെന്ന് റിസ് വാന പറയുന്നു.
അതിനിടെ, ഇമ്രാനെ കേസെടുത്തതായും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News