Sorry, you need to enable JavaScript to visit this website.

മുസ്ലിം യുവതിയെ മതംമാറ്റി വിവാഹം, യുവാവിനെ കണ്ടെത്താൻ സഹായിച്ചത് സുരക്ഷിതമല്ലാത്ത ജി-മെയിൽ പാസ് വേഡ്

ഹൈദരാബാദ്- മുസ്ലിം യുവതിയെ ഹിന്ദുമതത്തിലേക്ക് മാറ്റി വിവാഹം ചെയ്ത സംഭവത്തിൽ അടുത്തിടെ ഹൈദരാബാദിൽ നടന്ന ദുരഭിമാനക്കൊലയിൽ ദമ്പതികളെ കണ്ടെത്താൻ പ്രതികൾക്ക് സഹായകമായത് കൊല്ലപ്പെട്ട   ബി നാഗരാജു ഉപയോഗിച്ച സുരക്ഷിതമല്ലാത്ത ജിമെയിൽ പാസ്‌വേഡ്.

സുരക്ഷിതമല്ലാത്ത പാസ്‌വേഡ്  ആയതിനാൽ ഫൈൻഡ് മൈ ഡിവൈസ് ആപ്പിലൂടെ ഒളിച്ചോടിയ ദമ്പതികൾ എവിടെയാണെന്ന്  കണ്ടെത്താൻ അക്രമികൾക്ക് സഹായകമായി. 

രംഗറെഡ്ഡി ജില്ലയിലെ ഘനാപൂർ ഗ്രാമത്തിലെ അഷ്രിൻ സുൽത്താന ഈ വർഷം ആദ്യമാണ് അയൽ ഗ്രാമമായ മാർപള്ളിയിലെ താമസക്കാരനായ നാഗരാജുവിനൊപ്പം ഒളിച്ചോടിയത്.   ഏഴ് വർഷമായി ഇവർ പ്രണയത്തിലായിരുന്നു.

ജനുവരി 31 ന് ലാൽ ദർവാസ ഏരിയയിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടി പല്ലവി എന്ന് പേരുമാറ്റിയ ശേഷം ഇരുവരും വിവാഹിതരായി.

വിവാഹശേഷം ഭീഷണിയുണ്ടെന്ന് തോന്നിയതിനാൽ ഇവർ വിശാഖപട്ടണത്തേക്ക് പോയി. എന്നാൽ, കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് ഇവർ ഹൈദരാബാദിൽ തിരിച്ചെത്തി സരൂർനഗറിലെ പഞ്ച അനിൽകുമാർ കോളനിയിൽ താമസം തുടങ്ങി. എന്നാൽ യുവതിയുടെസഹോദരനടക്കമുള്ള പ്രതികൾ പ്രതികാരം ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു

യുവതിയുടെ സഹോദരൻ സയ്യിദ് മുബീൻ അഹമ്മദ് നാഗരാജുവിനെ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയുടെ സഹായം സ്വീകരിച്ചു.

അഷ്രിൻ തന്റെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചതിനാൽ യുവതി   പതിവായി ഡയൽ ചെയ്തിരുന്ന  മൊബൈൽ നമ്പറുകൾ പരിശോധിച്ചാണ് ഗരാവിന്റെ മൊബൈൽ നമ്പർ കണ്ടെത്തിയത്. 

നിർഭാഗ്യവശാൽ, ദുരഭിമാനക്കൊലയ്ക്ക് ഇരയായയാൾ തന്റെ മൊബൈൽ നമ്പറാണ് ജിമെയിൽ ഐഡിയായും അതിന്റെ പാസ്‌വേഡായും  ഉപയോഗിച്ചിരുന്നത്.  പ്രതികൾക്ക് ഇത് ഊഹിച്ചെടുക്കാനും ദമ്പതികളെ കണ്ടെത്തുന്നതിന് "ഫൈൻഡ് മൈ ഡിവൈസ്" ആപ്പിൽ ഉപയോഗിക്കാനും കഴിഞ്ഞു.

മെയ് നാലിന് രാത്രി, മുബീൻ തന്റെ ഭാര്യാസഹോദരൻ മുഹമ്മദ് മസൂദ് അഹമ്മദിന്റെ സഹായത്തോടെ യുവാവിനെ ആക്രമിക്കുകയായിരുന്നു.  ആക്രമണത്തിൽ നാഗരാജു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ദുരഭിമാനക്കൊലപാതകത്തിന് കൂടുതൽ പേർ പ്രതിയെ സഹായിച്ചിട്ടുണ്ടോ എന്നറിയാൻ ഹൈദരാബാദ് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Latest News