മുംബൈ- പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും മെഡിക്കൽ പരിശോധനയിൽ പുരുഷനാണെന്ന് കണ്ടെത്തിയ യുവതിയുടെ സംസ്ഥാന പോലീസ് വകുപ്പിലെ നിയമനം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
കേസിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിച്ച് യുവതിയെ പോലീസിൽ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ അശുതോഷ് കുംഭകോണി കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, മാധവ് ജംദാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
യുവതിയുടെ യോഗ്യത കണക്കിലെടുത്ത് നാസിക്ക് ഐജി സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ സമർപ്പിക്കുമെന്ന് കുംഭകോണി പറഞ്ഞു.അപേക്ഷകക്ക് ജോലിയുടെ നിബന്ധനകളും ആനുകൂല്യങ്ങളും സാധാരണ നടപടിക്രമത്തിലൂടെ റിക്രൂട്ട് ചെയ്യുന്ന മറ്റ് ജീവനക്കാർക്ക് തുല്യമായിരിക്കുമെന്ന് അദ്ദേഹം ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം അംഗീകരിച്ച ബെഞ്ച്, അതനുസരിച്ച് നടപടികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും പോലീസ് വകുപ്പിനും രണ്ട് മാസത്തെ സമയം അനുവദിച്ചു.
"ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമായ കേസാണെന്നും ഹരജിക്കാരിയിൽ ഒരു തെറ്റും കണ്ടെത്താൻ കഴിയില്ലെന്നും കാരണം അവർ ഒരു സ്ത്രീയായാണ് തന്റെ കരിയർ പിന്തുടരുന്നതെന്നും ഉത്തരവിൽ പറഞ്ഞു.
നാസിക് റൂറൽ പോലീസ് റിക്രൂട്ട്‌മെന്റിൽ പട്ടികജാതി (എസ്‌സി) വിഭാഗത്തിൽ അപേക്ഷിച്ച 23 കാരിയായ യുവതിയുടെ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. എഴുത്ത്, ശാരീരിക യോഗ്യത പരീക്ഷകൾ പാസായ യുവതിക്ക് പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ ഗർഭപാത്രവും അണ്ഡാശയവും ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു പരിശോധനയിൽ യുവതിക്ക് ആൺ പെൺ ക്രോമസോമുകൾ ഉണ്ടെന്നും തെളിഞ്ഞു. ഇതേ തുടർന്നാണ് "പുരുഷൻ" ആണെന്ന നിഗമനത്തിൽ എത്തിയത് .
തുടർന്ന് ശരീരഘടനയിലെ അപാകതയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ജനനം മുതൽ താൻ ഒരു സ്ത്രീയായി ജീവിക്കുകയാണെന്നും തന്റെ എല്ലാ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും വ്യക്തിഗത രേഖകളും ഒരു സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.