നീ വിട്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല- ഷഹനയെക്കുറിച്ച് സുഹൃത്ത് മുന്ന

കോഴിക്കോട്-പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഓര്‍മക്കുറിപ്പുമായി നടന്‍ മുന്ന. ഷഹനക്കൊപ്പം അഭിനയിച്ച അനുഭവങ്ങളും ചിത്രങ്ങളും വീഡിയോയും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

ഇത് നമ്മള്‍ ഒരുമിച്ചുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന് കരുതിയില്ലെന്നാണ് ഒരു ചിത്രത്തിനൊപ്പം മുന്ന കുറിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ അവസാനദിവസം എടുത്ത ചിത്രമാണിത്. ഭാവിയുടെ വാഗ്ദാനമായിരുന്ന നടി. സത്യം വൈകാതെ പുറത്തുവരും. നീ ഞങ്ങളെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പറയാന്‍ വാക്കുകളില്ല. മുന്ന എഴുതി.

തങ്ങള്‍ ഇരുവരും ഒരുമിച്ചെടുത്ത ആദ്യ ചിത്രവും മുന്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. നീ ഞങ്ങളെ വിട്ടുപോയെന്ന തിരിച്ചറിവ് ഞെട്ടലുണ്ടാക്കുന്നു. വാഗ്ദാനമായ നടി. ദുരന്തപര്യവസാനമായ അവസാനം. ഒരുപാട് നല്ല നിമിഷങ്ങളാണ് ഒരുമിച്ചഭിനയിച്ചപ്പോളുണ്ടായത്. കുടുംബത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷഹനയ്‌ക്കൊപ്പമുള്ള ഒരു വീഡിയോയും മുന്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോള്‍ഡും വാഗ്ദാനവുമായ ഒരു നടി. നിങ്ങള്‍ പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. നീതി ജയിക്കണം. നിങ്ങളും നിങ്ങളുടെ പുഞ്ചിരിയും എപ്പോഴും മിസ് ചെയ്യും. പ്രാര്‍ത്ഥനകള്‍ എന്നാണ് ഇതിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാസര്‍കോട് സ്വദേശിയാണ് ഷഹന. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

 

Latest News