Sorry, you need to enable JavaScript to visit this website.

തേനൂറും മാമ്പഴ കൃഷിയിൽ  വിജയഗാഥ രചിച്ച് ജിസാൻ

ജിസാനിലെ മാമ്പഴ കൃഷിയിടങ്ങൾ

ജിസാൻ - തേനൂറുന്ന വൈവിധ്യമാർന്ന മാമ്പഴങ്ങളുടെ കൃഷിയിലും ഉൽപാദനത്തിലും വിജയഗാഥ രചിച്ച് മുന്നേറുകയാണ് ജിസാൻ പ്രവിശ്യ. മാമ്പഴ കൃഷിയിടങ്ങളുടെയും കർഷകരുടെയും മാവുകളുടെയും ഉൽപാദിപ്പിക്കുന്ന മാമ്പഴത്തിന്റെ അളവും ജിസാനിൽ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഗ്രാമീണ കാർഷിക മേഖല മെച്ചപ്പെടുത്തുകയും ഗ്രാമീണ കുടുംബങ്ങളുടെ ജീവിത നിലവാരവും ജീവിത ശൈലിയും മെച്ചപ്പെടുത്തുകയും ഉൽപാദന കാര്യക്ഷമത ഉയർത്തുകയും ഭക്ഷ്യസുരക്ഷ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ആരംഭിച്ച സുസ്ഥിര കാർഷിക ഗ്രാമ വികസന പദ്ധതിയിലൂടെ വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങളിൽ ഒന്ന് ജിസാനിലെ മാമ്പഴ കൃഷി വിപ്ലവത്തിലൂടെ സാക്ഷാൽക്കരിക്കപ്പെടുകയാണ്. സുസ്ഥിര കാർഷിക ഗ്രാമ വികസന പദ്ധതി വഴി മാമ്പഴ കൃഷിക്കും മന്ത്രാലയം പിന്തുണ നൽകുന്നു. 
പ്രഥമ വാർഷിക മാമ്പഴ ഫെസ്റ്റിവൽ ആരംഭിച്ച 2005 ൽ ജിസാൻ പ്രവിശ്യയിൽ 18,000 ടൺ മാമ്പഴമാണ് ഉൽപാദിപ്പിച്ചത്. അന്ന് ജിസാനിൽ രണ്ടര ലക്ഷം മാവുകൾ മാത്രമാണുണ്ടായിരുന്നത്. മുപ്പതു ഇനങ്ങളിൽ പെട്ട മാമ്പഴങ്ങളാണ് ജിസാനിൽ ഉൽപാദിപ്പിച്ചിരുന്നത്. ഇപ്പോൾ ജിസാനിൽ 19,109 കൃഷിയിടങ്ങളിലായി പത്തു ലക്ഷത്തിലേറെ മാവുകളുണ്ട്. ഇവ പ്രതിവർഷം 65,000 ടൺ മാമ്പഴം ഉൽപാദിപ്പിക്കുന്നു. 
ജിസാൻ പ്രവിശ്യ കാർഷിക ഗവേഷണ കേന്ദ്രം മാമ്പഴ കൃഷി വികസനത്തിന് സഹായിക്കുന്നു. പ്രവിശ്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത ആദ്യകാല മാവുകൾ ഇവിടെയുണ്ട്. 1973 ൽ ആണ് ജിസാൻ പ്രവിശ്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ മാവുകൾ കൃഷി ചെയ്തു തുടങ്ങിയത്. 1983 ൽ ഇന്ത്യ, അമേരിക്ക, കെനിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച ഇനങ്ങളോടെ ആധുനിക രീതിയിൽ പ്രവിശ്യയിൽ മാമ്പഴ കൃഷി പരീക്ഷണം ആരംഭിച്ചു. നിലവിൽ ജിസാനിൽ 60 ഇനങ്ങളിൽ പെട്ട മാമ്പഴങ്ങൾ വിളയിക്കുന്നുണ്ട്. 
അനുയോജ്യമായ ഇനം മാവുകളും രാസവള പ്രക്രിയയും നിർണയിക്കാനുള്ള മണ്ണ് പരിശോധന, ജല പരിശോധന സേവനങ്ങൾ അടക്കം കാർഷിക ഗവേഷണ കേന്ദ്രം വഴി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ മാമ്പഴ കർഷകർക്ക് നിരന്തര സേവനങ്ങൾ നൽകുന്നു. സാങ്കേതിക മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകാൻ കാർഷിക ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിൽ ഫീൽഡ് പരിശോധനകൾ നടത്തുന്നു. കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് സൂചനാ നിരക്കിൽ മാവിൻ തൈകളും കർഷകർക്ക് വിതരണം ചെയ്യുന്നു. 
മാർച്ച് മധ്യത്തിലാണ് ജിസാനിൽ മാമ്പഴ ഉൽപാദന സീസൺ ആരംഭിക്കുന്നത്. മെയ് മാസത്തിൽ ഉൽപാദനം മൂർധന്യാവസ്ഥയിലെത്തും. ഉയർന്ന ഗുണമേന്മയും ലോക വിപണികളിൽ മത്സരിക്കാനുള്ള ശേഷിയും ജിസാൻ മാമ്പഴങ്ങളുടെ പ്രത്യേകതകളാണ്. 

 

Tags

Latest News