Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

സദ്ഗുരുവിന്റെ മണ്ണ് സംരക്ഷണ യാത്ര 27 രാഷ്ട്രങ്ങൾ കടന്ന് റിയാദിൽ

യോഗാ ഗുരുവും ഇഷാ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് റിയാദ് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തുന്നു.
മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസയുമായി സദ്ഗുരു കൂടിക്കാഴ്ച നടത്തിയപ്പോൾ.

റിയാദ്- യോഗാ ഗുരുവും ഇഷാ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മണ്ണ് സംരക്ഷണ യാത്ര 27 രാഷ്ട്രങ്ങൾ കടന്ന് റിയാദിലെത്തി. സമയം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും മണ്ണിനെ വരാനിരിക്കുന്ന വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ലോക രാഷ്ട്രങ്ങൾ അടിയന്തര നയപരിപാടികൾ വികസിപ്പിക്കണമെന്നും ഇല്ലെങ്കിൽ വരും തലമുറ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും സദ്ഗുരു പറഞ്ഞു.
മൂന്നു മുതൽ ആറു ശതമാനം വരെ ജൈവ ഉള്ളടക്കത്തിന്റെ പരിധി കൈവരിക്കുന്നതിന് കർഷകർക്ക് എല്ലാ രാഷ്ട്രങ്ങളും പ്രോത്സാഹനം നൽകണമെന്നും ഇതുവഴി ഭാവിയിൽ ഭക്ഷ്യ, ജല പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടാമെന്നും റിയാദ് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. മണ്ണിനെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി മാർച്ച് 21ന് ലണ്ടനിൽ നിന്ന് ആരംഭിച്ച് 27 രാജ്യങ്ങളിലൂടെ 36,000 കിലോമീറ്റർ ഏകാന്ത യാത്ര നടത്തുന്നതിന്റെ ഭാഗമായാണ് സദ്ഗുരു റിയാദിലെത്തിയത്. 
ലണ്ടൻ, ആംസ്റ്റർഡാം, ബെർലിൻ, പ്രാഗ്, വിയന്ന, വെനീസ്, പാരീസ്, ബ്രസൽസ്, സോഫിയ, ബുഖാറസ്റ്റ്, ഇസ്തംബൂൾ, ടിബ്ലിസി, ജോർദാൻ, ടെൽഅവീവ്, അബിദ്ജാൻ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച ശേഷം ഇന്നലെയാണ് റിയാദിൽ പ്രവേശിച്ചത്. റിയാദിൽ മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ, സൗദി കൃഷി, പരിസ്ഥിതി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്‌സിൻ അൽഅഫദ്‌ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മൊത്തം 100 ദിവസത്തെ യാത്രയ്ക്ക് ശേഷം ദക്ഷിണേന്ത്യയിൽ കാമ്പയിൻ സമാപിക്കും. 
ഇതിനകം വിവിധ രാജ്യങ്ങൾ സേവ് സോയിൽ പ്രസ്ഥാനവുമായി ധാരണാപത്രം ഒപ്പിട്ടു. മനുഷ്യന്റെ നിലനിൽപിന് മണ്ണ് അനിവാര്യ ഘടകമാണ്. പകുതിയോളം ഭാഗം മണ്ണിന്റെ ഘടങ്ങളുള്ള മനുഷ്യ ശരീരവും ജീവൻ പോയാൽ മണ്ണായി മാറും. 
മണ്ണ് രാസവസ്തുക്കളുടെ ഒരു കൂട്ടമല്ല. അതൊരു ജീവനുള്ള വസ്തുവാണ്. മണ്ണിന്റെ ആദ്യത്തെ 12 മുതൽ 15 ഇഞ്ച് വരെയാണ് നമ്മുടെ നിലനിൽപിന്റെ അടിസ്ഥാനം. പതിനായിരം വർഷങ്ങൾക്ക് മുമ്പ് സൗദി അറേബ്യയിലും വനങ്ങളുണ്ടായിരിക്കാം. ഇന്ന് നിങ്ങൾക്കത് തിരിച്ചറിയാനാവില്ല. ലോകാടിസ്ഥാനത്തിൽ ഓരോ സെക്കന്റിലും ഒരു ഏക്കർ മണ്ണ് മരുഭൂവത്കരിക്കുകയാണ്. 
കഴിഞ്ഞ 25 വർഷത്തിൽ 10 ശതമാനം ഭൂമി തരിശാക്കപ്പെട്ടു. ഭൂമിയുടെ 52 ശതമാനം തരിശായിക്കഴിഞ്ഞു. 2032 ൽ മൂന്നര ബില്യൻ ജനങ്ങൾക്ക് ജല ദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. 1.2 ബില്യൻ ആളുകൾ അഭയാർഥികളാവും. ഈ അഭയാർഥി പ്രവാഹം മനുഷ്യ സമൂഹത്തിന് വലിയ പ്രയാസങ്ങളുണ്ടാക്കിയേക്കും. പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും. ഇവരാണ് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുക. തെക്കൻ യൂറോപ്പിന്റെ ചില നഗരങ്ങളിൽ ആഫ്രിക്കൻ പെൺകുട്ടികൾ ദുരിതങ്ങൾ സഹിക്കുന്നത് ഇപ്പോൾ തന്നെ നമുക്ക് കാണാവുന്നതാണ് -അദ്ദേഹം പറഞ്ഞു.
ഇന്നേ വരെയുള്ള സമൂഹങ്ങളിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള തലമുറയിലാണ് നാം ജീവിക്കുന്നത്. എയർ കണ്ടീഷൻ വരുന്നതിന് മുമ്പ് ആളുകൾ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിച്ചിരുന്നു. അവർക്കതിൽ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ നമുക്കത് ആലോചിക്കാനാവില്ല. മണ്ണിന്റെ തകർച്ച തടയുന്നതിനും തിരിച്ചെടുക്കുന്നതിനുമുള്ള അടിയന്തര നയപരമായ പ്രവർത്തനത്തിന് മുൻകൈയെടുക്കുന്ന പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള നേതൃത്വത്തെയാണ് ഓരോ രാജ്യത്തെയും പൗരന്മാർ തെരഞ്ഞെടുക്കേണ്ടത്. 
പാരിസ്ഥിതിക പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പ് വിഷയങ്ങളായി മാറണം. ഇന്ന് എല്ലാ രാജ്യങ്ങൾക്കുമുള്ള പരിസ്ഥിതി വെല്ലുവിളി മണ്ണിന്റെ വംശനാശമാണ് -അദ്ദേഹം പറഞ്ഞു.
ഡി.സി.എം രാം പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്കന്റ് സെക്രട്ടറി അസീം അൻവർ പരിപാടി നിയന്ത്രിച്ചു. സേവ് സോയിൽ അംഗങ്ങളുടെ നൃത്തങ്ങൾ കാമ്പയിന്റെ ഭാഗമായി അരങ്ങേറി. ഇന്ത്യൻ സമൂഹം, സൗദി പൗരന്മാർ, വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ, മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags

Latest News