റിയാദ്- സൗദി അറേബ്യയിൽ മിക്കയിടത്തും ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഭേദപ്പെട്ട നിലയിലും ശക്തമായും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ അതോറിറ്റി പ്രവചിച്ചു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാകും. നജ്‌റാൻ, ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മഴക്ക് മുന്നോടിയായി ദൃശ്യക്ഷമത നന്നേ കുറക്കുന്ന വിധം ശക്തമായ പൊടിക്കാറ്റും ഉണ്ടാകാനിടയുണ്ട്.
ഹായിൽ, അൽഖസീം, റിയാദ്, വടക്കൻ അതിർത്തി പ്രവിശ്യ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ഏതാനും ഭാഗങ്ങളിലും സമാന കാലാവസ്ഥ അനുഭവപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മോശം കാലാവസ്ഥ അനുഭവപ്പെടാനിടയുള്ള പശ്ചാത്തലത്തിൽ ബീശ, തഥ്‌ലീസ്, ബൽഖറൻ എന്നീ മേഖലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അതിശക്തമായ പൊടിക്കാറ്റ് അപകടത്തിന് ഇടയാക്കുമെന്നതിനാൽ നജ്‌റാൻ, അസീർ പ്രവിശ്യകളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് റോഡ് സുരക്ഷാ വിഭാഗം പൊതുജനങ്ങളോട് അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 996 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചറിയക്കണമെന്ന് റോഡ് സുരക്ഷാ വിഭാഗം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.