Sorry, you need to enable JavaScript to visit this website.

ജനങ്ങളെ ആർക്കാണ് പേടി?

 


അനേകരെ അഴികൾക്കുള്ളിലാക്കിയ ഐ.പി.സി 124 എ എന്ന രാജ്യദ്രോഹ നിയമത്തിന്റെ സാധുതയെ പരമോന്നത കോടതി തന്നെ ചോദ്യം ചെയ്യുമ്പോൾ പൗരാവകാശ സമരങ്ങൾക്ക് അത് വെള്ളിവെളിച്ചമാണ്. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരേയും നിശിതമായി വിമർശിക്കുന്നവരേയും നിശ്ശബ്ദരാക്കാനുള്ള ഈ നിയമം, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകാലത്തിന്റെ തിരുശേഷിപ്പായി നമ്മുടെ പീനൽ കോഡിൽ ഇപ്പോഴും സ്ഥാനം പിടിച്ചിരിക്കുന്നു എന്നത് നാം ഉദ്‌ഘോഷിക്കുന്ന ലിബറൽ ജനാധിപത്യത്തിന് കളങ്കം തന്നെയാണ്. നിർഭയ അഭിപ്രായ പ്രകടനത്തെ ചുരുക്കിക്കളയുന്ന ഈ നിയമം നമ്മുടെ നിയമ വ്യവസ്ഥയിൽനിന്ന് പുറത്താവുക തന്നെ വേണം.

 


നമ്മുടേത് ഒരു ലിബറൽ ജനാധിപത്യ രാജ്യമാണെന്ന അവകാശവാദം കേൾക്കുമ്പോൾ എന്തുകൊണ്ട് ചിരി വരുന്നില്ല എന്നതിന്റെ കാരണം സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞു. കഴിഞ്ഞ എഴുപതിലധികം വർഷമായി നമ്മോടൊപ്പം നടന്നുനീങ്ങിയ ഒരു നിയമത്തിന്റെ കാഠിന്യം, അതിന്റെ നിരന്തരമായ ദുരുപയോഗങ്ങൾ, പൗരാവകാശങ്ങളെ അടിച്ചമർത്താൻ, നാവുകളെ നിശ്ശബ്ദമാക്കാൻ ഭരണകൂടങ്ങൾക്ക് കരുത്തു നൽകിയ, നമ്മുടെ പീനൽ കോഡിലെ ഒരു വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സൂചന നൽകുകയാണ് പരമോന്നത കോടതി.
ആർക്കുമെതിരെ എടുത്തുവീശാവുന്ന ഫലപ്രദമായ ആയുധമായി രാജ്യദ്രോഹ നിയമം, ഇന്ത്യൻ പീനൽ കോഡിലെ 124 എ എന്ന വകുപ്പ് ഇത്രയും കാലം നിലനിന്നു എന്നതും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച ശേഷവും നമ്മുടെ ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും മേൽ അത് എത്രമേൽ കളങ്കം ചാർത്തി എന്നതും അത്ഭുതവും അമ്പരപ്പുമുണ്ടാക്കുന്നു. ജനാധിപത്യത്തിന്റെ അപ്പോസ്തലൻമാർ എന്ന് സ്വയം വിളിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കൊന്നും ഈ വകുപ്പ് റദ്ദാക്കണം എന്ന് തോന്നാതിരുന്നത് എന്തുകൊണ്ടാണ്? പൗരാവകാശ പ്രവർത്തകരും മനുഷ്യാവകാശത്തിന്റെ പോരാളികളും ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ഈയാവശ്യം നമ്മുടെ രാഷ്ട്രീയ കർണങ്ങളിൽ പതിക്കാതെ പോയതിന് കാരണം ഒന്നു മാത്രമാണ്, ജനാധിപത്യത്തിന്റെ മറവിൽ അധികാര വ്യവസ്ഥക്കുള്ളിൽ നിലനിൽക്കുന്ന സമഗ്രാധിപത്യത്തിന്റേയും നിക്ഷിപ്ത ഭരണകൂട താൽപര്യങ്ങളുടേയും സാന്നിധ്യമൊന്നു മാത്രം.


രാജ്യദ്രോഹ നിയമം പുനപ്പരിശോധിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് അംഗീകരിച്ചുകൊണ്ട്, അക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ 124 എ അനുസരിച്ച് കേസുകൾ ചാർജ് ചെയ്യരുതെന്നും നിലവിലുള്ള കേസുകളിൽ ജാമ്യം അനുവദിക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവ്, കാളിമയാർന്ന സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിൽ വെള്ളിവെളിച്ചമാകുകയാണ്. ഒരു മെഴുകുതിരി വെട്ടമെന്ന് പറയാം. കാരണം, ഇത് വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചെറിയൊരു കാൽവെപ്പ് മാത്രമാണ്. ആധുനിക നിയമവ്യവസ്ഥകൾക്ക് ചേരാത്ത അനേകം കരിനിയമങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നത് കോടതികൾ തന്നെ കണ്ടറിയുന്നത് സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങളുടെ കാലത്ത് ഒരു രജതരേഖ തന്നെയാണ്. ദേശദ്രോഹ നിയമമനുസരിച്ച് ഇരുമ്പഴികൾക്കുള്ളിൽ കഴിയുന്ന പലരുടേയും മോചനം ഈ കോടതിവിധിയോടെ സാധ്യമാകില്ല എന്നതും യു.എ.പി.എ പോലെയുള്ള മറ്റു കരിനിയമങ്ങളുടെ ബന്ധനത്തിലാണ് അവരിൽ മിക്കവരുമെന്നതും ഈ പോരാട്ടം ഉടനെയൊന്നും അവസാനിക്കാൻ പോകുന്നില്ല എന്നതിന്റെ തെളിവാണ്.


ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015 നും 2020 നുമിടയിൽ മാത്രം ഐ.പി.സി 124 എ അനുസരിച്ച് 356 ദേശദ്രോഹ കേസുകളാണ് എടുത്തിട്ടുള്ളത്. 548 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ആറ് പേർ ശിക്ഷിക്കപ്പെട്ടു. ഇതിൽ പല കേസുകളും ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ടതാണ്. 2021 ഫെബ്രുവരി 14 ന് ബംഗളൂരുവിൽ പരിസ്ഥിതി പ്രവർത്തക ദിശരവിയെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തത് ഈ നിയമത്തിന്റെ ബലത്തിലാണ്. കർഷക പ്രക്ഷോഭത്തെ സഹായിക്കും വിധം ഒരു ടൂൾകിറ്റ് ഉണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നതായിരുന്നു കുറ്റം. ആഗോള പ്രശസ്തയായ പരിസ്ഥിതി പ്രവർത്തക ഗ്രെയ്റ്റ തുൻബെർഗിന്റെ പേരുപോലും വലിച്ചിഴക്കപ്പെട്ട ഈ കേസിൽ ദിശക്ക് ജാമ്യം അനുവദിച്ചുകൊണ്ട് 2021 ഫെബ്രുവരി 23 ന് ദൽഹി കോടതി കേന്ദ്ര സർക്കാരിനെ ശക്തമായി ശാസിച്ചു. സർക്കാരിന്റെ മുറിവേറ്റ പ്രതിഛായ തിരിച്ചുപിടിക്കാൻ രാജ്യദ്രോഹ കുറ്റം പൗരന്മാർക്കെതിരെ ചുമത്തുന്നതിനെ കോടതി വിമർശിക്കുകയും ചെയ്തു. 


2021 ഒക്‌ടോബർ 28 ന് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ വിജയം നേടിയ പാക്കിസ്ഥാൻ കളിക്കാരെ പ്രശംസിച്ച് വാട്‌സാപ് സ്റ്റാറ്റസ് ഇട്ടതിന് മൂന്ന് കശ്മീരി വിദ്യാർഥികളെ അറസ്റ്റ് ചെയ്തതും രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു. ഇക്കൊല്ലം മാർച്ച് 30 ന് ഇവർക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ഏപ്രിൽ 26 വരെ ഇവരെ മോചിപ്പിക്കാൻ പോലും സർക്കാർ തയാറായില്ല. ജാമ്യം നിൽക്കാൻ തദ്ദേശീയരായ ആരും തയാറാകാതിരുന്നതാണ് ഒരു മാസം കൂടി ജയിലിൽ അടക്കപ്പെടാൻ കാരണമായത്. പോലീസ് വെരിഫിക്കേഷനും വൻതുകയുടെ ജാമ്യവുമാണ് കോടതി ഇവർക്ക് വ്യവസ്ഥകളായി വെച്ചിരുന്നത്. രാജ്യദ്രോഹ കേസിന്റെ പ്രശസ്തരായ രണ്ട് സമീപകാല ഇരകളാണ് കനയ്യകുമാറും ഷർജിൽ ഇമാമും. പാർലമെന്റ് ആക്രമണക്കേസിൽ 2001 ൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിനെ അനുസ്മരിക്കാൻ 2016 ൽ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഒരുപറ്റം വിദ്യാർഥികൾ സംഘടിപ്പിച്ച കവിയരങ്ങിന്റെ പേരിലാണ് അന്ന് ജെ.എൻ.യു സർവകലാശാല യൂനിയൻ പ്രസിഡന്റ് ആയിരുന്ന കനയ്യകുമാറും ഉമർ ഖാലിദും മറ്റു വിദ്യാർഥികളും ദൽഹി പോലീസിന്റെ പിടിയിലായത്. ജെ.എൻ.യു വിദ്യാർഥി തന്നെയായിരുന്ന ഷർജിൽ ഇമാം സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ 2019 ഡിസംബർ 13 ന് പ്രകോപനപരമായി പ്രസംഗിച്ചു എന്ന് പറഞ്ഞാണ് അറസ്റ്റിലായത്. 2020 മുതൽ ഇദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. 


ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരേയും നിശിതമായ ഭാഷയിൽ വിമർശിക്കുന്നവരേയും ഒതുക്കാനും നിശ്ശബ്ദരാക്കാനും രാജ്യദ്രോഹ നിയമം ദുരുപയോഗിച്ചിട്ടുണ്ട് എന്ന കണ്ടെത്തൽ ഇതാദ്യമായല്ല. 1962 ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ എന്താണ് രാജ്യദ്രോഹ നിയമം കൊണ്ട് വിവക്ഷിക്കുന്നതെന്നും ആർക്കെതിരെയാണ് അതിന്റെ പേരിൽ കുറ്റം ചുമത്തേണ്ടതെന്നും കൃത്യമായി നിഷ്‌കർഷിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഏർപ്പെടുത്തിയ ഈ നിയന്ത്രണം പോലീസ് ഒരിക്കലും പാലിച്ചിട്ടില്ലെന്ന് രാജ്യത്തെ പല കോടതികളും പല സന്ദർഭങ്ങളിലായി നിരീക്ഷിച്ചിട്ടുണ്ട്. കാരണം പോലീസ് എപ്പോഴും ഭരണകൂടത്തിന്റെ ഉപകരണമാണ്. ഭരണകൂട താൽപര്യം സംരക്ഷിക്കുക മാത്രം ലക്ഷ്യമായിട്ടുള്ള ഒരു പോലീസ് സേന ഒരിക്കലും മനുഷ്യാവകാശങ്ങൾക്ക് വില കൽപിക്കുകയില്ല. അക്രമത്തിന് പ്രേരിപ്പിക്കുകയോ ക്രമസമാധാനം അപകടപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി പ്രവർത്തിക്കുകയോ ചെയ്യുന്നവരെ മാത്രമേ നിയമത്തിന്റെ പരിധിയിൽപെടുത്താവൂ എന്ന് സുപ്രീം കോടതി കൃത്യമായി പറഞ്ഞിരുന്നു. എന്നാൽ നിയമത്തെ വിശാലമായി വ്യാഖ്യാനിച്ച് പലപ്പോഴും പോലീസ് സർക്കാരിനെയും വ്യവസ്ഥിതിയെയും വിമർശിക്കുന്നവരെ നിശ്ശബ്ദരാക്കാൻ നിയമം ദുരുപയോഗിക്കുകയായിരുന്നു. 


60 വർഷം മുമ്പ് പരമോന്നത കോടതി എടുത്ത തീരുമാനത്തിന് മേൽ തിരുത്തൽ ശക്തിയാകുന്ന മറ്റൊരു തീരുമാനം കൈക്കൊള്ളണമോ എന്നതാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അടക്കമുള്ളവരുടെ മുന്നിലുള്ള ചോദ്യം. അപ്രകാരം ചെയ്യുകയും ഐ.പി.സി 124 എ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിർഭയ അഭിപ്രായ പ്രകടനത്തിനും എതിരായുള്ള ഭരണഘടനാ വിരുദ്ധമായ നിയമമാണ് എന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കുകയും ചെയ്താൽ, ഈ നിയമത്തിന്റെ ദുരുപയോഗ സാധ്യതകൾ പൂർണമായും അടയുക തന്നെ ചെയ്യും. എന്നാൽ അത്തരമൊരു വിധിയുണ്ടാകാൻ കേന്ദ്ര സർക്കാർ അനുവദിക്കാനുള്ള സാധ്യത പരിമിതമാണ്. രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ തുടങ്ങിയ കാര്യങ്ങളിലൂന്നി നിയമത്തിന്റെ വിശാലമായ പരിപ്രേക്ഷ്യം ചുരുക്കിക്കൊണ്ടുള്ള ഒരു ഭേദഗതിയാവും സർക്കാർ മുന്നോട്ടു വെക്കുക. കാരണം, വിമർശിക്കുന്നവരുടെ വായടപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ എല്ലാ കാലത്തേയും ലക്ഷ്യമാണ്. നിയമത്തിലെ വകുപ്പുകൾ തങ്ങൾ പുനരവലോകനം ചെയ്യുകയാണെന്ന ഭാഷ്യത്തോടെ കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനായിരിക്കും സർക്കാർ ശ്രമം. കോടതി ഉത്തരവിന്റെ യഥാർഥ സ്പിരിറ്റ് ഉൾക്കൊണ്ട്, ജനങ്ങളെ ഞങ്ങൾക്ക് പേടിയില്ലെന്നും ജനാധിപത്യത്തിന്റെ ചൈതന്യം ജനങ്ങളുടെ ശബ്ദമാണെന്നും ഉറക്കെപ്പറയാനുള്ള ധൈര്യമാണ് ഭരണകൂടം പ്രകടിപ്പിക്കേണ്ടത്.

Latest News