മദ്യമോഷണം സംശയിച്ച് പാചകക്കാരനെ കൊന്നു, 27 വര്‍ഷത്തിനുശേഷം പ്രതികള്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്- ഗുജറാത്തിലെ ജാംനഗറില്‍ പ്രതിരോധ വിഭാഗത്തില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്നയാളെ കൊലപ്പെടുത്തിയ കേസില്‍  27 വര്‍ഷത്തിനുശേഷം  മൂന്ന് മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ജാംനഗറില്‍ എയര്‍ഫോഴ്‌സ് സ്‌ക്വാഡ്രണ്‍ ലീഡറായിരുന്ന അനൂപ് സൂദ്, അനില്‍ കെ.എന്‍, മഹേന്ദ്ര സിംഗ് ഷെരാവത് എന്നിവരെയാണ്  ഗിര്‍ജാ റാവത്തെന്ന പാചകക്കാരനെ കൊലപ്പെടുത്തിയ കേസില്‍  ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

1995 നവംബര്‍ 13ന് അന്നത്തെ സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂപ് സൂദ് ഉള്‍പ്പെടെ എയര്‍ഫോഴ്‌സ് പോലീസിലെ ഒരു ഡസനോളം ഉദ്യോഗസ്ഥര്‍ ഗിര്‍ജ റാവത്തിന്റെ വീട്ടില്‍ പരിശോധന നടത്തി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. എയര്‍ഫോഴ്‌സ് കാന്റീനില്‍നിന്ന് മദ്യം മോഷ്ടിച്ചതായി ഇയാള്‍ കുറ്റസമ്മതം നടത്തിയതായും ആരോപണമുണ്ട്.

അന്ന് വൈകുന്നേരം റാവത്തിന്റെ ഭാര്യ ഗാര്‍ഡ് റൂം സന്ദര്‍ശിച്ച് ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചപ്പോള്‍  ഭര്‍ത്താവിനെ ഉടന്‍ മോചിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ  പ്രതികള്‍ ഗിര്‍ജാ റാവത്തിനെ മര്‍ദിച്ചതാണ് മരണത്തിന് കാരണമായത്. അടുത്ത ദിവസം, ഭര്‍ത്താവിന്റെ മരണം വിവരം അറിയിച്ച ഉദ്യോഗസ്ഥര്‍ ഭാര്യയോട്  മൃതദേഹം ഏറ്റുവാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

റാവത്തിന്റെ ഭാര്യ സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി അന്വേഷണം ഗുജറാത്ത് പോലീസില്‍നിന്ന് മാറ്റി സി.ബി.ഐയെ ഏല്‍പിക്കുകയായിരുന്നു.  2012 ഫെബ്രുവരി 22 നാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.  

15 വര്‍ഷം ജാംനഗറിലെ എയര്‍ഫോഴ്‌സ്1ല്‍ പാചകക്കാരനായിരുന്നു റാവത്ത്, സംഭവം നടക്കുമ്പോള്‍ നഗരത്തിലെ എയര്‍ഫോഴ്‌സ് വണ്‍ മെസ്സില്‍ ജോലി ചെയ്യുകയായിരുന്നു.

വിശദമായ അന്വേഷണത്തിന് ശേഷം 2013 ജൂലൈ 30ന് സി.ബി.ഐ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. റാവത്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന്തരികവും ബാഹ്യവുമായ മരണാനന്തര പരിക്കുകള്‍ കണ്ടെത്തിയിരുന്നു.
മൂന്നുപേരെ കോടതി വെറുതെവിട്ടു. ഒരാള്‍ വിചാരണക്കിടെ മരിച്ചിരുന്നു.

 

Latest News