കാശി ജ്ഞാന്‍വാപി പള്ളിയിലെ സര്‍വേ; ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു

ന്യൂദല്‍ഹി-കാശി വിശ്വനാഥ മന്ദിര്‍-ജ്ഞാന്‍വാപി മസ്ജിദ് സമുച്ചയം പരിശോധിക്കാന്‍ അഭിഭാഷകനെ കോടതി കമ്മീഷണറായി നിയമിച്ച വിഷയത്തില്‍ ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.
വാരാണസി കോടതിയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹരജി ലിസ്റ്റ് ചെയ്യാനാണ് സുപ്രീം കോടതി സമ്മതിച്ചത്.

ഹരജി തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹരജിയെ കുറിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയാണ്  ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ പരാമര്‍ശിച്ചത്.
വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും വിശദാംശങ്ങളില്ലാതെ  എങ്ങനെ ഉത്തരവിടുമെന്ന് ബെഞ്ച് ചോദിച്ചപ്പോള്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവിടണമെന്നും പള്ളി ആരാധനാലയങ്ങളുടെ നിയമത്തിന് കീഴിലാണെന്നും പറഞ്ഞു.
തുടര്‍ന്നാണ് വിശദാംശങ്ങള്‍ നോക്കട്ടെ, പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്.
ജ്ഞാന്‍വാപി പള്ളി സമുച്ചയത്തിന്റെ ബേസ്‌മെന്റും അടച്ചിട്ട മുറികളും ഉള്‍പ്പെടെയുള്ള വീഡിയോ സര്‍വേ പുനരാരംഭിക്കാന്‍ വ്യാഴാഴ്ച വാരാണസി കോടതി ഉത്തരവിട്ടിരുന്നു. സര്‍വേയില്‍ പള്ളി അധികൃതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മെയ് 17ന് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
പക്ഷപാതപരമായി പെരുമാറുന്ന അഭിഭാഷക കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ പുറത്താക്കണമെന്ന ആവശ്യവും വാരാണസി കോടതി നിരസിച്ചിരുന്നു. പകരം രണ്ട് അഡീഷണല്‍ കമ്മീഷണര്‍മാരായി  അഭിഭാഷകരായ വിശാല്‍ സിംഗ്, അജയ് പ്രതാപ് സിംഗ്  എന്നിവരെ കൂടി നിയമിക്കുകയായിരുന്നു.

 

Latest News