തിരുവനന്തപുരം-കേരളത്തില്‍ മെയ് 16വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇവരെ കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റാന് സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കണം.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. പത്രം പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക. കാറ്റും മഴയും ശക്തമാകുമ്പോള്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി നിര്‍ത്തി സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.