Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

അജ്ഞാതന്റെ പാർസൽ; മലയാളി ജയിലിൽ കഴിഞ്ഞത് എട്ട് മാസം


റിയാദ്- പാർസൽ എത്തിച്ചു തരണമെന്ന് അജ്ഞാതൻ ഫോൺ വിളിച്ച് ആവശ്യപ്പെട്ടതിനെ തുടർന്ന് പാർസൽ ഓഫീസിലെത്തിയ മലയാളിക്ക് മയക്കുമരുന്ന് കേസിൽ എട്ടു മാസത്തെ ജയിൽ വാസം. ഒടുവിൽ നിരപരാധിയാണെന്ന് കോടതി വിധിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി. ഭാഗ്യം കൊണ്ട് ജീവൻ തിരികെക്കിട്ടിയ മലയാളിയുടെ കഥ 
മറ്റു ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പാണെന്ന് സാമൂഹിക പ്രവർത്തകർ.
അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ശാഫിക്കാണ് സ്‌പോൺസറുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിൽ ജയിൽ മോചനം സാധ്യമായത്. സ്‌കൂളുകളിലേക്കും മറ്റും ടാക്‌സി സർവീസ് നടത്തുന്ന ജോലിയാണ് ശാഫിക്കുണ്ടായിരുന്നത്. ആരെങ്കിലും ട്രിപ്പിനോ കടകളിൽ നിന്ന് സാധനങ്ങൾ എത്തിച്ചു നൽകാനോ ആവശ്യപ്പെട്ടാൽ അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കും. 
ഇതിനിടയിലാണ് ഒരു സൗദി പൗരൻ ഡി.എച്ച്.എൽ കമ്പനിയിൽ അയാളുടെ പേരിൽ വീൽചെയർ പാർസൽ വന്നിട്ടുണ്ടെന്നും ഡ്യൂട്ടി കാരണം തനിക്ക് അതെടുക്കാൻ സാധിക്കില്ലെന്നും അതിനാൽ സഹായിക്കണമെന്നും ആവശ്യപ്പെട്ടത്. പാർസലിന്റെ നമ്പർ ശാഫിയുടെ മൊബൈലിലേക്ക് സന്ദേശമായി അയച്ചു കൊടുക്കുകയും ചെയ്തു. ഈ നമ്പറുമായി അൽഖർജ് ഡി.എച്ച്.എൽ ഓഫീസിലെത്തിയപ്പോൾ റിയാദിലെ ഓഫീസിലാണെന്ന് പറഞ്ഞു. റിയാദിലെ സുലൈയിലുള്ള ഡി.എച്ച്.എൽ ഓഫീസിലെത്തിയപ്പോൾ അത് ഗോഡൗണിലാണെന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരൻ അങ്ങോട്ട് പോകാൻ ആവശ്യപ്പെട്ടു. 
അവിടെ റിസപ്ഷനിൽ ഏറെ നേരം ഇരുന്നിട്ടും പാർസൽ ലഭിച്ചില്ല. ഈ സമയമെല്ലാം പാർസൽ ഉടമ വിളിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സംഭാഷണം മനസ്സിലാക്കാൻ ഫോൺ കട്ട് ചെയ്യേണ്ടെന്ന് അയാൾ പറഞ്ഞു. കുറെ സമയമായി ഒരു പാർസലിനായി ഇവിടെ കാത്തിരിക്കുകയാണെന്ന് ഇതിനിടെ പുറത്തുവന്ന മാനേജറോട് ശാഫി പറഞ്ഞു. ഉടൻ ഓഫീസിലേക്ക് തിരിച്ചുകയറി ഏതാനും പേപ്പർ കൊണ്ടുവന്ന് ഒപ്പുവെക്കാൻ ആവശ്യപ്പെട്ടു. 
ഒപ്പിട്ട് കൊടുത്തപ്പോൾ മാനേജറുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. ആരുടേതാണ് പാർസൽ എന്നും താങ്കളെ അത് വാങ്ങാൻ ആരാണ് വിട്ടതെന്നും ചോദിച്ചപ്പോൾ അജ്ഞാതനായ ആ വ്യക്തിയുടെ മൊബൈൽ നമ്പർ മാനേജർക്ക് കൈമാറി. അവർ തമ്മിൽ സംസാരിക്കുകയും ചെയ്തു. ഇതിനിടെ രണ്ടു പേർ കൂടി മാനേജറുടെ ഓഫീസിലെത്തി. പോലീസുകാരായ ഇവർ ശാഫിയെ ചോദ്യം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും വൈകുന്നേരമായി. ഈ സമയവും പാർസൽ ഉടമ വിളിച്ചു കൊണ്ടേയിരിക്കുകയാണ്. പാർസലുമായി ഖർജിലേക്ക് വരികയാണെന്ന് അയാളോട് പറയാൻ ഇവർ ആവശ്യപ്പെട്ടു. അതു പ്രകാരം ചെയ്യുകയും ചെയ്തു. 
പിന്നീട് ഇവർ ശാഫിയെയും കൂട്ടി പുറത്തേക്കിറങ്ങി. ശാഫിയുടെ കാറിന് സമീപം രണ്ടു കാറുകൾ നിർത്തിയിട്ടിരുന്നു. അതിലൊരു കാറിൽ നിന്ന് ഒരു പാർസൽ എടുത്ത് ഇത് മയക്കുമരുന്നാണെന്ന് ഉദ്യോഗസ്ഥൻ ശാഫിയോട് പറഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. ഈ പാർസൽ നേരത്തെ തന്നെ നോട്ട് ചെയ്തിരുന്ന അവർ സ്വീകരിക്കാൻ വരുന്നയാളെ പിടിക്കാനുള്ള തയാറെടുപ്പിലായിരുന്നു. അവർ ശാഫിയെയും കൂട്ടി അൽഖർജ് പോലീസ് സ്‌റ്റേഷനിലേക്ക് പോയി. അതിനിടെ പല പ്രാവശ്യം അജ്ഞാതനെ വിളിച്ചിട്ടും ഫലമുണ്ടായില്ല. 
അയാളുടെ ഫോൺ ഓഫായിരുന്നു. രാത്രി ഏറെ വൈകി പോലീസുകാർ ഇയാളെ വിളിച്ചപ്പോഴും ഓഫ് തന്നെ. പിന്നീടൊരിക്കലും അയാളെ ഫോണിൽ കിട്ടുകയോ അയാൾ തിരിച്ചു വിളിക്കുകയോ ചെയ്തില്ല. താത്കാലിക സിം എടുത്താണ് വിളിച്ചിരുന്നതെന്ന് വ്യക്തമായതായി പിന്നീട് പോലീസ് പറഞ്ഞു. അന്ന് പോലീസ് സ്‌റ്റേഷനിൽ തങ്ങിയ ശേഷം പിറ്റേന്ന് രാവിലെ സ്‌പോൺസറെ വിവരമറിയിച്ചു. ശേഷം പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കി. ചോദ്യം ചെയ്യലും കേസും കോടതിയുമായി എട്ട് മാസത്തോളം തടവിലായിരുന്നു. 
പാർസൽ വാങ്ങാൻ ഏൽപിച്ചതിനെ തുടർന്നാണ് ഡി.എച്ച്.എല്ലിൽ പോയതെന്നും പാർസൽ കൈയിൽ തന്നിരുന്നില്ലെന്നും മയക്കുമരുന്നാണ് എന്ന് അറിഞ്ഞിട്ടില്ലെന്നുമായിരുന്നു ശാഫിയുടെ മൊഴി. കോടതി ഇതംഗീകരിച്ച് നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്‌പോൺസറും സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുഹമ്മദ് അൽഖർജ് എന്നിവരും അഭിഭാഷകനായ ഉസാമ, പരിഭാഷകൻ മുഹമ്മദ്കുട്ടി എന്നിവരെല്ലാം വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.
പാർസൽ സാധനങ്ങൾ എത്തിച്ചു നൽകുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ചതിക്കുഴികൾ പതിയിരിക്കുന്നത് ഓർക്കണമെന്നും സാമൂഹിക പ്രവർത്തകർ ഓർമിപ്പിച്ചു.

Tags

Latest News