Sorry, you need to enable JavaScript to visit this website.

സാങ്കേതിക സുരക്ഷക്ക് പുതിയ സേവനവുമായി മൈക്രോസോഫ്റ്റ്

സാങ്കേതിക ലോകത്ത് വർധിച്ചുവരുന്ന സുരക്ഷാ ആവശ്യങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് മൈക്രോസോഫ്റ്റ് പുതിയ സേവനം ആരംഭിച്ചു. സ്ഥാപനങ്ങളുടെ എല്ലാ തലത്തിലുമുള്ള സുരക്ഷാ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നതാണ് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എക്‌സ്‌പെർട്ട്‌സ് എന്ന പേരിലുള്ള പുതിയ സേവന വിഭാഗമെന്ന് കമ്പനി അറിയിച്ചു.  
മൈക്രോസോഫ്റ്റിൽനിന്നും വിദഗ്ധരിൽനിന്നുമുള്ള നിരവധി സുരക്ഷാ കേന്ദ്രീകൃത സാങ്കേതിക വിദ്യകൾ ഒരുമിച്ച് കൊണ്ടുവരുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.  
പുതിയ സേവന വിഭാഗത്തിനു കീഴിൽ നിലവിലുള്ള സേവന ശേഷികൾ വികസിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റിന്റെ സെക്യൂരിറ്റി, കംപ്ലയൻസ്, ഐഡന്റിറ്റി, മാനേജ്‌മെന്റ് കോർപറേറ്റ് വൈസ് പ്രസിഡന്റ് വാസു ജക്കൽ  ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ  നേട്ടങ്ങൾ കൈവരിക്കുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി  സുരക്ഷാ വിദഗ്ധരെയും സാങ്കേതിക വിദ്യയെയും സംയോജിപ്പിക്കുകയാണെന്നും അവർ  കൂട്ടിച്ചേർത്തു.സുരക്ഷ, ഐഡന്റിറ്റി, മാനേജ്‌മെന്റ്, സ്വകാര്യത എന്നിവയിലെല്ലാം സേവനങ്ങൾ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം. ആദ്യ പടിയായാണ് സുരക്ഷക്കായി പുതിയതും വിപുലീകരിച്ചതുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
ഇക്കോ സിസ്റ്റത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് മൂന്ന് സേവനങ്ങൾ  രൂപകൽപന ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു.  ഇത് ഓരോ സ്ഥാപനത്തിനും ആവശ്യമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. പുതിയ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലുമുള്ള വെല്ലുവിളികളാണ്  മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എക്‌സ്‌പെർട്ട്‌സ് വഴി തരണം ചെയ്യാൻ സാധിക്കുക.

Latest News