Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

പി.സി ജോർജുമാർ എല്ലായിടത്തുമുണ്ട്; വിദ്വേഷ പ്രചാരണം തുടർക്കഥ

അസത്യങ്ങളും അർധ സത്യങ്ങളും എഴുന്നള്ളിച്ച് വിദ്വേഷ പ്രചാരണം നടത്തുന്ന പി.സി.ജോർജുമാരും ദുർഗാദാസുമാരും എല്ലായിടത്തുമുണ്ട്. അവർ പടച്ചുവിടുന്ന നുണകൾ പ്രചരിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. കുറഞ്ഞ സമയം കൊണ്ട് ഇത്തരം നുണകളും വിദ്വേഷങ്ങളും സമൂഹത്തിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്.

സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള വിദ്വേഷ പ്രചാരണത്തിൽ 2019 മാർച്ച് 15 ന് വലിയ പ്രാധാന്യമുണ്ട്. അന്നാണ് ന്യൂസിലാൻഡിലെ അൽനൂർ, ലിൻവുഡ് ഇസ്‌ലാമിക് സെന്റർ എന്നീ മുസ്‌ലിം പള്ളികളിൽ ബ്രെന്റൺ ഹാരിസൺ ടാറന്റ് എന്ന 28 കാരൻ അതിക്രമിച്ച് കയറി ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാനെത്തിയവർക്കു നേരെ തുരുതുരെ നിറയൊഴിച്ചത്. 51 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമായിരുന്നു അത്.
ഈ കൂട്ടക്കൊല വൻകിട സോഷ്യൽ മീഡിയ കമ്പനിയായ ഫെയ്‌സ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്തതും ഞെട്ടിക്കുന്നതായിരുന്നു. ആക്രമണത്തിന് മുമ്പ് ബ്രെന്റൺ ഓൺലൈൻ മാനിഫെസ്‌റ്റോ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  
മുസ്‌ലിംകളെ അപകീർത്തിപ്പെടുത്തുന്ന ഓൺലൈൻ വിദ്വേഷ പ്രചാരണമാണ് കൂട്ടക്കൊല നടത്താൻ ബ്രെന്റനെ പ്രേരിപ്പിച്ചതെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. ഈ ആക്രമണത്തിന് ശേഷം ഓൺലൈനിൽ തീവ്രവാദവും അക്രമാസക്തവുമായ തീവ്രവാദ ഉള്ളടക്കം ഇല്ലാതാക്കാനുള്ള ക്രൈസ്റ്റ് ചർച്ച് ആഹ്വാനത്തെ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സോഷ്യൽ മീഡിയ കുത്തകകളായ മെറ്റാ, ട്വിറ്റർ, ഗൂഗിൾ എന്നിവ സംയുക്ത പത്രപ്രസ്താവനയിൽ പറഞ്ഞു. 
എന്നാൽ ഇന്നുവരെ ഈ കമ്പനികൾ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മുസ്‌ലിംകൾ, ജൂതന്മാർ, കറുത്ത വർഗക്കാർ തുടങ്ങിയ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട നുണകളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ഇപ്പോഴും നിർബാധം തുടരുന്നു. 
അസത്യങ്ങളും അർധ സത്യങ്ങളും എഴുന്നള്ളിച്ച് വിദ്വേഷ പ്രചാരണം നടത്തുന്ന പി.സി.ജോർജുമാർ എല്ലായിടത്തുമുണ്ട്. അവർ പടച്ചുവിടുന്ന നുണകൾ പ്രചരിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. കുറഞ്ഞ സമയം കൊണ്ട് ഇത്തരം നുണകളും വിദ്വേഷങ്ങളും സമൂഹത്തിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. പറയുന്നതും പ്രചരിപ്പിക്കുന്നതും സത്യവുമായി പുലബന്ധം പോലുമില്ലാത്ത നുണകളാണെന്ന് ഇവർക്ക് അറിയാമെങ്കിലും സംശയത്തിന്റെ വിത്തുകൾ പാകുക എന്നതാണ് ലക്ഷ്യം. അതുവഴി സമൂഹത്തിൽ സംശയങ്ങൾ സൃഷ്ടിക്കുകയും അതുവഴി ധ്രുവീകരണം ശക്തിപ്പെടുത്തുകയും ചെയ്യുക. 
മുസ്‌ലിം വിരുദ്ധ വിദ്വേഷവും ഇസ്‌ലാമോഫോബിയ ഉള്ളടക്കവും അടങ്ങുന്നതാണന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 89 ശതമാനം പോസ്റ്റുകളിലും നടപടിയെടുക്കുന്നതിൽ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്, ട്വിറ്റർ, യൂട്യൂബ് എന്നിവ പരാജയപ്പെട്ടതായി ഓൺലൈൻ വിദ്വേഷത്തിന്റെയും തെറ്റായ വിവരങ്ങളുടെയും അൽഗോരിതം ഗവേഷണം ചെയ്യുന്ന യു.എസ് ആസ്ഥാനമായുള്ള സന്നദ്ധ സ്ഥാപനമായ സെന്റർ ഫോർ കൗൺസലിംഗ് ഡിജിറ്റൽ ഹേറ്റ് (സി.സി.ഡി.എച്ച്) വ്യക്തമാക്കുന്നു.
മതഭ്രാന്ത്, മനുഷ്യത്വരഹിതം, വംശീയ വിദ്വേഷം, തെറ്റായ അവകാശവാദങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മുസ്‌ലിം വിരുദ്ധ ഉള്ളടക്കം അടങ്ങിയ 530 പോസ്റ്റുകൾ കണ്ടെത്തിയതായി സി.സി.ഡി.എച്ച് റിപ്പോർട്ട് പറയുന്നു. ഇവയിൽ വളരെ കുറച്ച്  മാത്രമേ നടപടി എടുത്തിട്ടുള്ളൂ. ഉള്ളടക്കം 25 ദശലക്ഷം തവണയാണ് കണ്ടത്. ഇവയിൽ ഭൂരിഭാഗവും ഡെത്ത്ടുഇസ്‌ലാം, ഇസ്‌ലാം ഈസ്‌കാൻസർ തുടങ്ങിയ ഹാഷ്ടാഗുകൾ ഉപയോഗിച്ചതിനാൽ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു.
89 ശതമാനം മുസ്‌ലിം വിരുദ്ധ വിദ്വേഷ ഉള്ളടക്കത്തിൽ 11.3 ശതമാനത്തിൽ മാത്രമാണ് നടപടിയെടുത്തത്.
സി.സി.ഡി.എച്ച് റിപ്പോർട്ട് ചെയ്ത 23 വീഡിയോകളിലും നടപടിയെടുക്കുന്നതിൽ യൂട്യൂബ് പരാജയപ്പെട്ടു.   ട്വിറ്റർ 97 ശതമാനം മുസ്‌ലിം വിരുദ്ധ വിദ്വേഷ ഉള്ളടക്കത്തിൽ നടപടിയെടുത്തില്ല. മറ്റ്  പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ട്വിറ്ററാണ്  നടപടികൾ സ്വീകരിക്കുന്നതിൽ ഏറ്റവും പിറകിൽ. 
94 ശതമാനം ഉള്ളടക്കത്തിൽ നടപടിയെടുക്കുന്നതിൽ ഫെയ്‌സ്ബുക്ക് പരാജയപ്പെട്ടപ്പോൾ 86 ശതമാനം  ഉള്ളടക്കത്തിൽ നടപടിയെടുക്കുന്നതിൽ ഇൻസ്റ്റഗ്രാം പരാജയപ്പെട്ടു. റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ ഉള്ളടക്കത്തിൽ 64 ശതമാനത്തിലും നടപടി സ്വീകരിച്ച് ടിക് ടോക് മികച്ച പ്രകടനം കാഴ്ചവെച്ചു.
വംശീയ കാരിക്കേച്ചറുകളിൽ നടപടി സ്വീകരിക്കുന്നതിൽ പ്ലാറ്റ്‌ഫോമുകൾ പരാജയപ്പെട്ടു. മുസ്‌ലിംകളെ ദുഷ്ടന്മാരായി കാണിക്കുന്നതാണ് മറ്റു ചില പോസ്റ്റുകൾ.  ഇസ്‌ലാമിനെ കാൻസർ പോലുള്ള രോഗവുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകൾ നീക്കം ചെയ്യുന്നതിലും നടപടികളുണ്ടായില്ല. സാധാരണ മുസ്്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന ധാരാളം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.  യൂറേബ്യ, ഇസ്‌ലാമിഫിക്കേഷൻ  തുടങ്ങിയ ഹാഷ്ടാഗുകൾക്കൊപ്പം മുസ്്‌ലിം കുടിയേറ്റം  അധിനിവേശമെന്ന് ആരോപിക്കുന്ന പോസ്റ്റുകളിലും നടപടികളുണ്ടായില്ല.  ലൗ ജിഹാദ് ആരോപിക്കുന്ന പോസ്റ്റുകളിൽ നടപടിയെടുക്കുന്നതിലും സോഷ്യൽ മീഡിയ കമ്പനികൾ പരാജയപ്പെട്ടു.
ന്യൂനപക്ഷമായിരിക്കുമ്പോൾ മുസ്‌ലിംകൾ മതേതരമായി പെരുമാറുമെന്നും  ഭൂരിപക്ഷമാകുമ്പോൾ അക്രമികളായി മാറുമെന്നുമുള്ളതാണ് പ്രചരിപ്പിച്ച മറ്റൊരു വിദ്വേഷ പോസ്റ്റ്. 
ഏത് ഉള്ളടക്കത്തിലേക്കും എളുപ്പത്തിൽ എത്തിപ്പെടുന്നതിന് ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതിനാൽ ദുരുപയോഗം ചെയ്യുന്ന ഹാഷ്ടാഗുകൾ വിദ്വേഷത്തിനും വ്യാജ വാർത്തകൾക്കും കാരണമാകും. ഡെത്ത് ടു ഇസ്‌ലാം, ഇസ്‌ലാം ഈസ് കാൻസർ, സ്‌റ്റോപ്പ് ഇസ്്‌ലാമൈസേഷൻ തുടങ്ങിയ 
ഹാഷ്ടാഗുകൾ ഉൾക്കൊള്ളുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകളെ സി.സി.ഡി.എച്ച് റിപ്പോർട്ട് വിശകലനം ചെയ്തു. പ്ലാറ്റ്‌ഫോമിലുടനീളം 1,31,365 പോസ്റ്റുകളിൽ ഈ ഹാഷ്ടാഗുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇൻസ്റ്റഗ്രാമിന്റെ തന്നെ അനലിറ്റിക്‌സ് കാണിക്കുന്നു. 
മുസ്്‌ലിം വിരുദ്ധ വിദ്വേഷം ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനായി ഫേസ്ബുക്കിൽ ധാരാളം പേജുകളും ഗ്രൂപ്പുകളുമുണ്ടെന്ന് സി.സി.ഡി.എച്ച് വെളിപ്പെടുത്തി.

Latest News