Sorry, you need to enable JavaScript to visit this website.

വിലക്കയറ്റം വിഷയമാവരുത്

കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന സംഘപരിവാർ ഗ്രൂപ്പുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഊതിവീർപ്പിക്കുന്നതും മുസ്‌ലിംകളെ പ്രകോപിപ്പിക്കാൻ വേണ്ടി ചെയ്യുന്നതുമായ വിഷയങ്ങൾ ഇല്ലെങ്കിൽ ഇന്ന് ഇന്ത്യയിലെ സാധാരണക്കാരൻ ഏറ്റവുമധികം ചർച്ച ചെയ്യുക വിലക്കയറ്റം തന്നെയാവും. പിന്നെ തൊഴിലില്ലായ്മയും അതുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളും. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന തിരിച്ചടികളുടെ കാരണം തേടിപ്പോയാൽ നോട്ട് നിരോധനമടക്കം മോഡി സർക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നടപടികളിലേക്ക് തന്നെയാവും ചെന്നെത്തുക.

 

കോഴിക്കോട് പേരാമ്പ്രയിലെ ഒരു ഹൈപർ മാർക്കറ്റിൽ കഴിഞ്ഞ ദിവസം നാല് യുവാക്കളെത്തി ഹലാൽ സ്റ്റിക്കർ പതിച്ച ബീഫ് ഉണ്ടോ എന്ന് ചോദിക്കുന്നു. ഉണ്ട് എന്ന് ജീവനക്കാർ പറയുമ്പോൾ ഞങ്ങൾക്ക് ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നു. ജീവനക്കാരെ ആക്രമിക്കുകയും മർദിക്കുകയും ചെയ്യുന്നു. വാൾ ഉയർത്തിക്കാട്ടി ഭീഷണിപ്പെടുത്തുന്നു.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു രീതിയാണ് കേരളത്തിലും ആവർത്തിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും സംഘപരിവാർ പ്രവർത്തകരാണ് ഇതിന് പിന്നിൽ. കോഴിക്കോട്ട് ഏതായായാലും നാല് പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും ഇത്തരം അക്രമികളെ പോലീസ് തൊടാറില്ല. ഹലാൽ, ലൗ ജിഹാദ്, ഹിജാബ്, ബാങ്ക് വിളി അങ്ങനെ പല വിഷയങ്ങളും ഒരു സുപ്രഭാതത്തിലെന്ന പോലെ പെട്ടെന്ന് സമൂഹത്തിൽ ഉയർന്നു വരുന്നു, കത്തിപ്പടരുന്നു.
എന്നാൽ ഈ ബഹളങ്ങൾക്കിടയിൽ സാധാരണക്കാരന്റെ നടുവൊടിക്കുന്ന പല കാര്യങ്ങളും രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില ആയിരം രൂപക്ക് മുകളിലെത്തി എന്നതാണ് അതിൽ പ്രധാനം. അഞ്ച് വർഷം മുമ്പുള്ളതിന്റെ നേരെ ഇരട്ടിയാണ് ഇപ്പോൾ സിലിണ്ടറിന്റെ വില. പാചകവാതകത്തിന് സബ്‌സിഡി കിട്ടിയിരുന്ന കാലമൊക്കെ ജനം മറന്നു. സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിൽ വരുന്നതൊക്കെ ഓർമ മാത്രമാണിപ്പോൾ ജനങ്ങൾക്ക്. പെട്രോൾ വില ലിറ്ററിന് 116 രൂപയിലെത്തി. ഡീസലിന് 103 ആണ്. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 2000 രൂപ കവിഞ്ഞു. മണ്ണേണ്ണക്കും കൂടി. 


സമസ്ത മേഖലയിലും വിലവർധനവിന് കാരണമാവുന്ന, കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന ഇന്ധന വിലവർധന ഓരോ ദിവസവും ജനങ്ങളെ പൊറുതുമുട്ടിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. ബസ്, ടാക്‌സി, ഓട്ടോ നിരക്കുകൾ കൂടുന്നു... ഇതിനെല്ലാം പുറമേയാണ് മറ്റ് പ്രശ്‌നങ്ങൾ. റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടിയതോടെ ബാങ്ക് വായ്പ എടുത്തവർക്കെല്ലാം തിരിച്ചടവ് തുക കൂടാനിരിക്കുകയാണ്. രൂപയുടെ മൂല്യം കൂപ്പുകുത്തുന്നതോടെ ആ വഴിക്കും വിലക്കയറ്റമുണ്ടാവും. സാധാരണ ജനങ്ങൾ ഏറ്റവും ആകുലപ്പെടുന്ന ഈ വിലവർധന ഭരിക്കുന്ന സർക്കാരുകൾക്കെതിരായ രോഷമായി മാറേണ്ടതാണ്. എന്നാൽ അതല്ല മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. മസ്ജിദുകളിൽനിന്ന് സുബ്ഹിക്ക് മൈക്കിൽ ബാങ്ക് വിളിക്കുന്നുണ്ടോ, ഭക്ഷണസാധനങ്ങളിൽ ഹലാൽ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടോ, മുസ്‌ലിം പെൺകുട്ടികൾ സ്‌കൂളിൽ വരുമ്പോൾ ഹിജാബ് ധരിക്കുന്നുണ്ടോ... അങ്ങനെ പലതുമാണ്. കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും പിന്തുണക്കുന്ന ചെറുസംഘങ്ങൾ എവിടെയെങ്കിലും തുടങ്ങിവെക്കുന്ന ഇത്തരം സംഭവങ്ങളെ സർക്കാർ അനുകൂല മാധ്യമങ്ങൾ രാജ്യത്തിന്റെ മൊത്തം വിഷയമാക്കി ഉയർത്തിക്കാട്ടുന്നു. മറ്റു മാധ്യമങ്ങൾ പിന്നാലെ ആ വിഷയങ്ങൾ ഏറ്റെടുക്കുന്നു.
ഫലം പൊതുജങ്ങളുടെ യഥാർഥ പ്രശ്‌നങ്ങൾ പിന്നണിയിലേക്ക് പോകുന്നു. അവരെ നേരിട്ടോ പരോക്ഷമായോ ഒരു തരത്തിലും ബാധിക്കാത്ത പ്രശ്‌നങ്ങൾ എന്തോ മഹാസംഭവങ്ങൾ പോലെയാക്കുന്നു.
രാജ്യത്തെ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ ആളിക്കത്തിക്കുന്നവർക്ക് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ്. അതിൽ പ്രധാനം സർക്കാരിനെതിരെ ജനരോഷം ഉയരാതിരിക്കുക എന്നതു തന്നെ. രണ്ടാമത്തേത് മുസ്‌ലിം വിദ്വേഷം എന്ന ഏക അജണ്ടയിലൂന്നി തെരഞ്ഞെടുപ്പുകൾ ജയിച്ചുകയറുക. ഉത്തർ പ്രദേശിൽ ഈ തന്ത്രം വിജയിച്ചതുകൊണ്ടാവാം കർണാടകയിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമൊക്കെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ അനുരണനമാണ് കേരളത്തിലും കാണുന്നത്.


വികസനം, മെയ്ക് ഇൻ ഇന്ത്യ, അഞ്ച് ട്രില്യൺ ഡോളർ ഇക്കോണമി എന്നൊക്കെ പറയുമെങ്കിലും കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും നേട്ടങ്ങൾ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പുകളെ നേരിടാൻ ഇതുവരെ പ്രധാനമന്ത്രിക്കോ ബി.ജെ.പിക്കോ ധൈര്യമുണ്ടായിട്ടില്ല. പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിൽ കൊണ്ടുവന്ന കർഷക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നത് ഉത്തർ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയെ തുടർന്നാണ്. യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ വിലയിലെ എക്‌സൈസ് തീരുവ പത്ത് രൂപ കുറച്ചു. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണം കഴിയുംവരെ എണ്ണ കമ്പനികൾ വില കൂട്ടിയുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കമ്പനികൾ കണക്കുതീർത്ത് വില കൂട്ടി. പിന്നാലെ പാചകവാതകത്തിനും വില കൂട്ടി. ഇപ്പോഴും കൂട്ടിക്കൊണ്ടേയിരിക്കുന്നു. സർക്കാരിന്റെ സൗകര്യത്തിനനുസരിച്ച് തന്നെയാണ് ഇപ്പോഴും എണ്ണ വില നിർണയിക്കപ്പെടുന്നത്.


ഉക്രൈൻ യുദ്ധമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി സർക്കാരിനെ അനുകൂലിക്കുന്നവർ പറയുന്നത്. യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കൂടിയെന്നത് ശരി തന്നെ. അപ്പോഴും 2012, 13 കാലഘട്ടത്തിലെ സർവകാല റെക്കോഡ് നിലവാരത്തിൽ എത്തിയിട്ടില്ല എന്നോർക്കണം. പക്ഷേ അപ്പോഴുള്ളതിനേക്കാൾ പെട്രോൾ ഡീസലിന് 45 രൂപ വരെ ഇപ്പോൾ കൂടുതലാണ്. ഡീസലിന് 40 രൂപയോളവും.
ഇടക്കാലത്ത് ക്രൂഡോയിൽ വില അന്താരാഷ്ട്ര വിപണിയിൽ ഇടിഞ്ഞുതാണപ്പോൾ തുടരെത്തുടരെ എക്‌സൈസ് തീരുവ കൂട്ടുകയായിരുന്നു കേന്ദ്ര സർക്കാർ. അതുകൊണ്ടാണ് ക്രൂഡോയിലിന് വില കുറയുമ്പോൾ പെട്രോളിനും ഡീസലിനും വിലകൂടുന്ന വിരോധാഭാസം ഇന്ത്യയിൽ മാത്രം സംഭവിച്ചത്. ആ ദുരന്തം ഇപ്പോഴും തുടരുന്നു. സാമ്പത്തികമായി തകർന്ന് തരിപ്പണമായ ശ്രീലങ്കയിലേതിനേക്കാൾ വില കൂടുതലാണ് ഇപ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില നിലവാരം. അപ്പോഴും വില കുറയ്ക്കണമെങ്കിൽ സംസ്ഥാന സർക്കാരുകൾ ചെയ്യട്ടേയെന്നാണ് മോഡിയുടെ ന്യായം.


കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന സംഘപരിവാർ ഗ്രൂപ്പുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഊതിവീർപ്പിക്കുന്നതും മുസ്‌ലിംകളെ പ്രകോപിപ്പിക്കാൻ വേണ്ടി ചെയ്യുന്നതുമായ വിഷയങ്ങൾ ഇല്ലെങ്കിൽ ഇന്ന് ഇന്ത്യയിലെ സാധാരണക്കാരൻ ഏറ്റവുമധികം ചർച്ച ചെയ്യുക വിലക്കയറ്റം തന്നെയാവും. പിന്നെ തൊഴിലില്ലായ്മയും അതുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളും. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന തിരിച്ചടികളുടെ കാരണം തേടിപ്പോയാൽ നോട്ട് നിരോധനമടക്കം മോഡി സർക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നടപടികളിലേക്ക് തന്നെയാവും ചെന്നെത്തുക.
മുമ്പ് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കേ രാജ്യത്തെ ഇന്ധനവില കൂടുമ്പോഴും രൂപയുടെ മൂല്യം കുറയുമ്പോഴുമെല്ലാം കേന്ദ്രത്തിലെ യു.പി.എ സർക്കാരിനെ നിരന്തരം വിമർശിച്ചിരുന്നയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. കേന്ദ്രത്തിൽ അധികാരം കിട്ടി ഏഴ് വർഷത്തിലേറെ ആയിട്ടും താൻ അന്നുയച്ചിരുന്ന വിഷയങ്ങൾ പരിഹരിക്കാനോ ജനങ്ങൾക്ക് ആശ്വാസം പകരാനോ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അടുത്ത കാലത്തൊന്നും അതിന് കഴിയുമെന്നും തോന്നുന്നില്ല. അതുകൊണ്ട് ജനങ്ങൾക്കിടയിൽ പരമാവധി ഭിന്നത സൃഷ്ടിച്ച് മുലതലെടുക്കുക മാത്രമാണ് ഏക പോംവഴി. ഈ തട്ടിപ്പ് രാജ്യത്ത് ഭൂരിപക്ഷ ജനസമൂഹം തിരിച്ചറിയുംവരെ ഇങ്ങനെ തന്നെ തുടരും.

Latest News