മുസ്്‌ലിമിനും ക്രിസ്ത്യാനിക്കുമെതിരെ ആക്രമണം, കോണ്‍ഗ്രസ് കുട പിടിക്കുന്നു- മുഖ്യമന്ത്രി

തൃക്കാക്കര- മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്നുവെന്നും ഇതിന് പിന്നിലുള്ള സംഘപരിവാറിന് കുടപിടിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  തൃക്കാക്കര എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കാക്കര്ക്ക് അസുലഭ സന്ദര്‍ഭമാണ് ലഭിച്ചിരിക്കുന്നത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറെടുത്തുകഴിഞ്ഞു. അതിന്റെ വേവലാതി യു.ഡി.എഫ് കേന്ദ്രങ്ങളില്‍ കാണാം. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പായി തൃക്കാക്കര മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് മതനിരപേക്ഷ തകര്‍ക്കാനുള്ള ബോധപൂര്‍വ നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ന കോടതി വിധി എല്ലാവരും സ്വാഗതം ചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു. ഇത് കേന്ദ്ര നിയമന്ത്രിയുടെ വാക്കുകളില്‍ കണ്ടു. ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരം. ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ സമീപനം. എല്ലാവരും തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്നാണ് അവര്‍ക്ക്. വര്‍ഗീയ പ്രചരണം അഴിച്ചുവിടാനാണ് അവര്‍ ശ്രമിക്കുന്നത്. മത ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നേരിടുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രത്തിലെ ഭരണാധികാരികളെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

മുസ്ലിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രണങ്ങള്‍ സംഘടിപ്പിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങളും ആക്രമണം നേരിടുകയാണ്. സംഘപരിവാര്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനെയൊന്നും ചെറുക്കാന്‍ ഇന്നുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. സംഘപരിവാറിന്റെ ബി ടീമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News