ഭുവനേശ്വര്‍- ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ചാടിയ രണ്ട് സ്ത്രീകളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രക്ഷിച്ചു. ഒഡീഷയിലെ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 18444 പാലാസ-കട്ടക്ക് മെമു പാസഞ്ചര്‍ ട്രെയിന്‍ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.
ബുധനാഴ്ച രാവിലെ 10.10-ന് ട്രെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ രണ്ട് വനിതാ യാത്രക്കാര്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 58കാരിയായ കെ സരസ്വതിയും മറ്റൊരു യാത്രക്കാരിയായ ബി ചന്ദ്രമ്മയുമാണ് സാഹസത്തിനു മുതിര്‍ന്നത്. എന്നാല്‍ ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കവെ ഇരുവരുടെയും ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. ആ സമയത്ത് ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സനാതന്‍ മുണ്ട ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നു.
ട്രെയിനിന്റെ വാതിലിനടുത്തേക്ക് പാഞ്ഞെത്തിയ മുണ്ട രണ്ട് പേരെയും പ്ലാറ്റ്ഫോമിലേക്ക് വലിച്ചിഴച്ചു. ഇതോടെ മുണ്ടയും പ്ലാറ്റ്ഫോമിലേക്ക് വീണു. അദ്ദേഹത്തിന് നിസ്സാര പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. മറ്റ് രണ്ട് സ്ത്രീകള്‍ക്കും ശരീരത്തില്‍ ചെറിയ ചതവുകളും ഉണ്ടായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ സംഭവം പതിഞ്ഞിരുന്നു.






