ചെന്നൈ- തമിഴ്‌നാട്ടില്‍ അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ വില്‍പന നടത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും വാങ്ങിയ സ്ത്രീയും അറസ്റ്റില്‍. ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സെലൈയൂരിലെ മപ്പേഡിലാണ് സംഭവം.
അഞ്ച് ദിവസം പ്രായമായ ആണ്‍കുട്ടിയെയാണ് വില്‍പന നടത്തിയത്. 5000 രൂപ നല്‍കിയാണ് അമ്മയില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയതെന്ന് അറസ്റ്റിലായ സ്ത്രീ പോലീസിനോട് പറഞ്ഞു.
കുഞ്ഞിന്റെ മാതാവ് ശുചീകരണ തൊഴിലാളിയും അച്ഛന്‍ ദിവസക്കൂലിക്കാരനുമാണെന്ന് പോലീസ് പറഞ്ഞു. മറ്റ് രണ്ട് കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് വിൽപന നടത്തിയത്.
ദമ്ബതികളുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ രണ്ട് കുട്ടികളെ വളര്‍ത്തുന്നത് തന്നെ ബുദ്ധിമുട്ടാണെന്ന് അമ്മ പോലീസിനോട് പറഞ്ഞു. പുതിയ കുഞ്ഞ് ഭാരം കൂട്ടിയെന്നും അവർ പറഞ്ഞു.
വിവാഹം കഴിഞ്ഞ് 10 വര്‍ഷമായിട്ടും കുട്ടികളില്ലാത്ത സഹോദരന് വേണ്ടിയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് അറസ്റ്റിലായ സ്ത്രീ പോലീസിനോട് പറഞ്ഞു.
കുഞ്ഞിനെ കാണാതായത് അമ്മയുടെ ബന്ധുക്കള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയാണ് രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തത്.
കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.