കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഗുരുതരം,  കടമെടുക്കാന്‍ അനുമതിയായില്ല; നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം- സാമ്പത്തികവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം തുടരുന്നതാണ് കാരണം. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണ് സംസ്ഥാനം. അനുമതി ഇനിയും നീണ്ടാല്‍ ട്രഷറിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും.
മുന്‍വര്‍ഷങ്ങളില്‍ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശം. ഇത് ഉള്‍പ്പെടുത്താനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും വായ്പയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ഇനിയും വൈകിയാല്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം.
32,425 കോടി രൂപയാണ് സാമ്പത്തികവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രില്‍ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകള്‍. എല്‍.ഐ.സി തുടങ്ങിയവയില്‍നിന്നുള്ള വായ്പകളും ഇതില്‍പ്പെടും.
റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍പ്രകാരം ഏപ്രില്‍ 19ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറില്‍ ഉള്‍പ്പെടുത്തിയാലും കടമെടുക്കാന്‍ അതത് സമയം കേന്ദ്രാനുമതി വേണം.
25 ലക്ഷത്തിലധികമുള്ള തുകയുടെ ബില്ലുകള്‍ ട്രഷറിയില്‍നിന്ന് മാറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസേനയുള്ള സാമ്പത്തികസ്ഥിതി വിലയിരുത്തി താത്കാലിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.

Latest News